കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് കാമ്പസിൽ മാലിന്യം തള്ളുന്നു



   
പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് കാമ്പസിനകത്ത് തുറന്ന സ്ഥലങ്ങളിൽ മാലിന്യം കൂട്ടിയിടുന്നു. ഡോക്ടർമാരും മറ്റ് ജീവനക്കാരും താമസിക്കുന്ന കാമ്പസിനകത്തെ ഡി- ടൈപ്പ് ക്വാർട്ടേഴ്‌സിന് സമീപം മാലിന്യം തള്ളുന്നത് കൊണ്ട് പൊറുതിമുട്ടുകയാണ്‌ താമസക്കാർ.

119 ഏക്കർ വിസ്തൃതിയുള്ള കാമ്പസിന്റെ പല ഭാഗങ്ങളിലും ഇത്തരത്തിൽ പ്ലാസ്റ്റിക് മാലിന്യവും ആശുപത്രി മാലിന്യവും നിയന്ത്രണങ്ങളില്ലാതെ വലിച്ചെറിയുന്നുണ്ട്‌. ഇവ കാക്കയും പരുന്തുമൊക്കെ കൊത്തിവലിച്ച് ക്വാർട്ടേഴ്‌സുകളിൽ കൊണ്ടിടുന്ന സ്ഥിതിയാണെന്ന് താമസക്കാർ പറയുന്നു. തെരുവുനായകളും രാത്രി കുറുക്കന്മാരും കാമ്പസിൽ തമ്പടിക്കുകയാണ്. കാട്ടുപന്നി ശല്യവുമുണ്ട്. ‍‌

അഞ്ച് സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നുണ്ടെന്ന് ജീവനക്കാർ പറയുന്നു. നേരത്തെ തുറന്ന സ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതിനെതിരേ കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് അധികൃതർ ആശുപത്രിക്ക് നോട്ടീസ് നൽകിയിരുന്നു.

ഏതാനും ദിവസം നിർത്തിയ കത്തിക്കൽ വീണ്ടും തുടരുകയാണ്. മെഡിക്കൽ കോളേജ്, ഡെന്റൽ കോളേജ്, നഴ്‌സിങ് കോളേജ്, ഫാർമസി-പാരാമെഡിക്കൽ കോളേജുകളും നഴ്‌സിങ് സ്‌കൂളും ബാങ്കുകളും നിരവധി കടകളും ഉൾപ്പെടെ പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജ് കാമ്പസിനകത്ത് ശാസ്ത്രീയ മാലിന്യനിർമാർജന സംവിധാനങ്ങളില്ലാത്തതാണ് ഇത്തരം ദുരവസ്ഥയ്ക്ക് കാരണമെന്ന് ജീവനക്കാർ ആരോപിക്കുന്നു. മാലിന്യം തള്ളുന്നത് തുടരുന്നപക്ഷം മലിനീകരണനിയന്ത്രണ ബോർഡക്കമുള്ളവർക്ക് പരാതി നൽകാനൊരുങ്ങുകയാണ് ജീവനക്കാരും നാട്ടുകാരും.

Post a Comment

Previous Post Next Post

Join Whatsapp

Advertisement