യുക്രെയ്നിലേക്ക് നാറ്റോ ഉടന്‍ സൈന്യത്തെ അയയ്ക്കില്ലെന്ന് സെക്രട്ടറി ജനറല്‍. പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ നാളെ നാറ്റോ രാജ്യങ്ങള്‍ യോഗം ചേരും. സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നാറ്റോ പ്രതിരോധ നീക്കം തുടങ്ങി. അതേസമയം, റഷ്യയെ പിന്തിരിപ്പിക്കുന്നതില്‍ അമേരിക്കയുടെയും യു.എന്നിന്റെയും ഇടപെടല്‍ വളരെ ദുര്‍ബലമാണെന്ന് രാജ്യാന്തരതലത്തില്‍ വിമര്‍ശനം ശക്തമാണ്.
റഷ്യ യുക്രെയ്നിനെ ആക്രമിക്കുമെന്ന് സൂചനകള്‍ കിട്ടിയപ്പോള്‍ തന്നെ പാശ്ചാത്ത സൈനിക സഖ്യമായ നാറ്റോ സൈനിക നീക്കങ്ങള്‍ ശക്തിപ്പെടുത്തിയിരുന്നു. എന്നാല്‍ യുക്രെയ്നില്‍ പാശ്ചാത്യര്‍ ഇടപെടരുതെന്ന വ്ളാഡിമിര്‍ പുട്ടിന്റെ ആവര്‍ത്തിച്ചുള്ള കര്‍ശന നിലപാട് നാറ്റോയെ പിന്നാക്കംവലിച്ചുവെന്നുവേണം കരുതാന്‍. റഷ്യ രാഷ്ട്രീയസമവായത്തിനുള്ള സാധ്യത അടച്ചെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് പറഞ്ഞു. സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രതിരോധനീക്കങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. യുക്രെയ്നിലേക്ക് നാറ്റോ ഉടന്‍ സൈന്യത്തെ അയക്കില്ല. ഏകാധ്യപത്യത്തിനുമേല്‍ ജനാധിപത്യം വിജയം നേടും. പ്രതിരോധ നടപടികള്‍ തീരുമാനിക്കാന്‍ നാളെ നാറ്റോ യോഗം ചേരുമെന്ന് സെക്രട്ടറി ജനറല്‍ അറിയിച്ചു.
കിഴക്കന്‍ യുക്രെയിനിലെ സ്വയം പ്രഖ്യാപിത റിപ്പബ്ലിക്കുകളെ അംഗീകരിക്കുന്നുവെന്ന റഷ്യയുടെ തീരുമാനം വന്നപ്പോള്‍ തന്നെ ദുര്‍ബലമായ ഉപരോധപ്രഖ്യാപനങ്ങളാണ് അമേരിക്കയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. വിഷയത്തില്‍ ഇടപെടുമെന്ന് വാഷിങ്ടണ്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഏതുതരം നടപടിയാണ് റഷ്യക്കെതിരെ ഉണ്ടാവുക എന്നും വ്യക്തമല്ല. അതേസമയം ഐക്യരാഷ്ട്രസഭയും തണുപ്പന്‍ പ്രതികരണമാണ് നടത്തിയത്. മാനവികത കണക്കിലെടുത്ത് റഷ്യന്‍സൈന്യം പിന്‍മാറണെമെന്ന് മാത്രമാണ് യു.എന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞത്.
അടിയന്തര യോഗം ചേര്‍ന്ന യുഎന്‍ രക്ഷാസമിതിയില്‍ ലോകരാജ്യങ്ങളുടെ പിന്തുണ യുക്രെയ്ന്‍ ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചെങ്കിലും പ്രതികരണം അനുകൂലമായിരുന്നില്ല. ചുരുക്കത്തില്‍ ഒരു രാജ്യത്തിന്‍റെ പരമാധികാരത്തിന് മേല്‍ റഷ്യ നടത്തിയ കടന്നുകയറ്റത്തെ രാജ്യാന്തരസമൂഹം നിര്‍നിമേഷരായി നോക്കി നില്‍ക്കുകയാണ് എന്ന് പറയേണ്ടിവരും.

إرسال تعليق