മുംബൈ: പാനും ആധാറും ബന്ധിപ്പിക്കാൻ ഫീസോടുകൂടി സമയം നീട്ടിനൽകി. ഏപ്രിൽ ഒന്നുമുതൽ ജൂൺ 31വരെയുള്ള കാലയളവിൽ 500 രൂപയാണ് നൽകേണ്ടത്. ജൂലായ് ഒന്നുമുതലാകട്ടെ 1,000 രൂപയും. 2023 മാർച്ച് 31നുള്ളിൽ ബന്ധിപ്പിക്കുകയുംവേണം.
നികുതിദായകർക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ആധാർ - പാൻ ബന്ധിപ്പിക്കലിന് ഫീസോടുകൂടി ഒരു വർഷം അനുവദിച്ചിരിക്കുന്നത്.
2023 മാർച്ച് 31-നകം ആധാറും പാനും ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ പ്രവർത്തന രഹിതമാകും. പിന്നീട് നികുതി റിട്ടേൺ സമർപ്പിക്കാനോ ബാങ്ക് അക്കൗണ്ട് തുറക്കാനോ മ്യൂച്ചൽ ഫണ്ടിലടക്കം നിക്ഷേപം നടത്താനോ കഴിയില്ലെന്നും സി.ബി.ഡി.ടി. അറിയിച്ചു.
സക്രിയമായ പാൻ നമ്പർ ഇല്ലാത്ത നികുതി ദായകർക്ക് 10,000 രൂപ വരെ പിഴ ചുമത്താം. 2023 ഏപ്രിൽ ഒന്നു മുതലായിരിക്കും പിഴ പ്രാബല്യത്തിലാകുക. ആദായ നികുതി പോർട്ടൽ വഴിയോ എസ്.എം.എസ്. വഴിയോ എൻ.എസ്.ഡി.എൽ./ യു.ടി.ഐ. ഐ.എൽ. ഓഫീസുകളിൽ നേരിട്ടെത്തിയോ ആധാറും പാൻ നമ്പറും ബന്ധിപ്പിക്കാവുന്നതാണ്.
എങ്ങനെ ബന്ധിപ്പിക്കാം?
1. ഇൻകംടാക്സ് ഇ-ഫയലിങ് പോർട്ടൽവഴി പാൻ ആധാറുമായി ബന്ധിപ്പിക്കാൻ എളുപ്പമാണ്. 567678 അല്ലെങ്കിൽ 56161 നമ്പറിലേയ്ക്ക് എസ്എംഎസ് അയച്ചും ലിങ്ക് ചെയ്യാം. UIDPAN12digit Aadhaar>10digitPAN> ഈ ഫോർമാറ്റിലാണ് എസ്എംഎസ് അയയ്ക്കേണ്ടത്.
2. ഓൺലൈനിൽ പാൻ ആധാറുമായി ബന്ധിപ്പിക്കാനായില്ലെങ്കിൽ എൻഎസ്ഡിഎൽ, യുടിഐടിഎസ്എസ്എൽ എന്നിവയുടെ സേവനകേന്ദ്രങ്ങൾ വഴി ഓഫ്ലൈനായി അതിന് സൗകര്യമുണ്ട്.
3. നിശ്ചിത സമയത്തിനകം ബന്ധിപ്പിച്ചില്ലെങ്കിൽ ഭാവിയിൽ പാൻ ഉപയോഗിക്കാനാവില്ല. അതായത് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനോ, ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനോ പണമിടപാട് നടത്തുന്നതിനോ കഴിയില്ലെന്ന് ചുരുക്കം.
4. അസാധുവായ പാൻ സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിച്ചാൽ 10,000 രൂപ പിഴചുമത്താൻ നിയമം അനുവദിക്കുന്നു.

إرسال تعليق