കോഴിക്കോട്: നാദാപുരത്ത് മറ്റൊരാളുമായി വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിലെത്തി യുവാവ് തീകൊളുത്തി മരിച്ചു. വളയം സ്വദേശി രത്നേഷ് (42) ആണ് മരിച്ചത്. വീടിന് തീവെച്ച് യുവതിയെ കൊല്ലാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവ് മരിച്ചതെന്നാണ് വിവരം.
നാദാപുരം ജാതിയേരി കല്ലുമ്മലിൽ ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. യുവതിയുടെ വീട്ടിലെത്തിയ യുവാവ് രണ്ടാംനിലയിൽ കയറി മുറിയിൽ തീവയ്ക്കുകയായിരുന്നു. വീടിന് തീപടരുന്നത് കണ്ട അയൽവാസികൾ നിലവിളിച്ചതോടെയാണ് വീട്ടുകാർ വിവരം അറിയുന്നത്. പിന്നാലെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് വീട്ടിനകത്തേക്ക് ഓടിക്കയറുകയായിരുന്നു.
ഇതിനിടെ യുവതിക്കും അമ്മയ്ക്കും സഹോദരനും പൊള്ളലേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്നു പേരുടെയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.
രത്നേഷിന് യുവതിയെ ഇഷ്ടമായിരുന്നു. എന്നാൽ യുവതിയുടെ വീട്ടുകാർക്ക് ഇയാളുമായുള്ള ബന്ധത്തിൽ താത്പര്യമുണ്ടായിരുന്നില്ല. ഏപ്രിൽ ആദ്യവാരം പെൺകുട്ടിയുടെ വിവാഹം തീരുമാനിക്കുകയും ചെയ്തു. ഇതാണ് യുവാവിന്റെ വൈരാഗ്യത്തിന് കാരണമെന്ന് പോലീസ് പറയുന്നു.
യുവാവിന്റെ മൃതദേഹം നാദാപുരം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post a Comment