പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യദിനം മുതൽ ജനങ്ങൾക്ക് അമിത ഭാരം. വെള്ളക്കരം അടക്കമുള്ളവ ഇന്നുമുതൽ വർധിക്കും. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ബജറ്റുകളിൽ പ്രഖ്യാപിച്ച നികുതി, ഫീസ് വർധന പ്രാബല്യത്തിൽ. കുടിവെള്ള നിരക്ക്, ജീവൻ രക്ഷാ മരുന്നുകളുടെ വില, ഭൂ നികുതി എന്നിവ വർധിക്കും. വാഹന റീ രജിസ്ട്രേഷൻ, ഫിറ്റ്നസ് സർട്ടിഫിക്കറ്റിലെ നിരക്ക് തുടങ്ങിയവയിൽ ഇന്നു മുതൽ അധിക ഫീസ് നൽകേണ്ടി വരും. അതേസമയം പെട്രോൾ, ഡീസൽ വില കുത്തനെ ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ സിഎൻജിയിലേക്ക് മാറിയവർക്കും രക്ഷയില്ല. സിഎൻജിയ്ക്കും വില വർധിക്കുകയാണ്. പെട്രോളും ഡീസലും സിഎൻജിയും വലിയ വ്യത്യാസമില്ലാത്ത രീതിയിലേക്കാണ് പോകുന്നത്. വാണിജ്യ സിലിണ്ടറുകളുടെ വിലയും കുത്തനെ വർധിക്കുകയാണ്.
ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിരക്ക് വർധനവിൽ ജനങ്ങളെ ബാധിക്കുന്നത് ജല അതോറിറ്റി കുടിവെള്ളത്തിന്റെ നിരക്ക് വർധിപ്പിച്ചതും ജീവൻ രക്ഷാ മരുന്നുകളുടെ വില വർധനവുമാണ്. അഞ്ച് ശതമാനമാണ് കുടിവെള്ളത്തിന്റെ അടിസ്ഥാന നിരക്കിൽ എല്ലാ സ്ലാബുകളിലും വർധനവ് ഉണ്ടായിരിക്കുന്നത്. പുതിയ നിരക്കനുസരിച്ചുള്ള റീഡിങ് ഇന്നുമുതൽ എടുക്കും. അടുത്ത ബില്ലിൽ ഈ തുക നൽകേണ്ടി വരും. അടിസ്ഥാന നിരക്കിൽ അഞ്ച് ശതമാനം വർധനയാണ് വരുത്തുക. ഇതോടെ ഗാർഹിക ഉപഭോക്താവിന് 1000 ലിറ്ററിന് 4 രൂപ 41 പൈസയാകും. 4 രൂപ 20 പൈസയാണ് നിലവിലെ നിരക്ക്. ഇന്ധനം, പാചകവാതകം തുടങ്ങിയ അവശ്യ സാധന വിലക്കയറ്റങ്ങൾക്കൊപ്പമാണ് കുടിവെള്ള നിരക്കു വർധിക്കുന്നത്. ഗാർഹിക, ഗാർഹികേതര, വ്യാവസായിക കണക്ഷനുകളിലെ എല്ലാ സ്ലാബുകളിലും അഞ്ച് ശതമാനമാണ് ജല അതോറിറ്റി നിരക്ക് വർധിപ്പിക്കുന്നത്.
അവശ്യമരുന്നുകളുടെ വിലയും വർധിച്ചു. പാരസെറ്റാമോൾ ഉൾപ്പെടെ എണ്ണൂറിൽ അധികം മരുന്നുകളുടെ വില 10.7 ശതമാനമാണ് വർധിച്ചത്. ഡ്രഗ് പ്രൈസിങ് അതോറിറ്റിയാണ് മരുന്നുകളുടെ വില വർധിപ്പിക്കാൻ അനുമതി നൽകിയത്. വാണിജ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട ചർച്ചകൾക്കു ശേഷമാണ് ഇക്കാര്യത്തിൽ തീരുമാനം വരികയും ഇന്നുമുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരികയും ചെയ്തു.
വിവിധ റോഡുകളിൽ ടോൾ നിരക്കും ഇന്നുമുതൽ വർധിച്ചു. പത്ത് ശതമാനം വരെയാണ് ടോൾ നിരക്ക് വർധിച്ചത്. കാറുകൾക്ക് 10 രൂപ വരെയാണ് കൂടിയത്. വലിയ വാഹനങ്ങൾക്ക് 65 രൂപ വരെയാണ് വർധന.
വാണിജ്യ സിലിണ്ടറുകളുടെ വിലയും വർധിച്ചു. 256 രൂപയാണ് ഇന്ന് ഒറ്റയടിക്ക് വില വർധിപ്പിച്ചിരിക്കുന്നത്. ഹോട്ടലുടമകളെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ് ഇത്. വരും ദിവസങ്ങളിൽ പ്രത്യക്ഷ സമരത്തിലേക്കും വില വർധനവ് ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്കും ഹോട്ടലുടമകൾ നീങ്ങിയേക്കും.
ഭൂമിയുടെ ന്യായ വിലയിലും വർധനവ്. 10 ശതമാനമാണ് ഭൂമിയുടെ ന്യായവില വർധിപ്പിച്ചിരിക്കുന്നത്. ഇതുമൂലം ഭൂ നികുതിയിൽ ഇരട്ടി വർധനവും ഉണ്ടായി. ഇതും ഇന്നുമുതൽ പ്രാബല്യത്തിൽ വരും. ഗ്രാമപഞ്ചായത്തിലെ ഭൂമി ന്യായവില 8.1 ആർവരെ ആറിന് 5 രൂപയായി ഉയർന്നു. നേരത്തെ ഇത് 2.5 രൂപയായിരുന്നു. 8.1 ആർന് മുകളിൽ എട്ടു രൂപയായിരിക്കും. നേരത്തെ ഇത് അഞ്ചു രൂപയായിരുന്നു. നഗരസഭയിൽ 2.43 ആർവരെ 10 രൂപയായി ഉയർന്നു. അഞ്ചു രൂപയിൽ നിന്നാണ് പത്ത് രൂപയായി ഉയർന്നത്. കോർപ്പറേഷൻ പരിധിയിൽ 1.62 ആർവരെ ആറിന് 20 രൂപയായി വർധിച്ചു. പത്ത് രൂപയിൽ നിന്നാണ് 20 രൂപയായി ഉയർന്നത്. അതിന് മുകളിൽ 30 രൂപയായി ഉയർത്തി. 20 രൂപയായിരുന്നു നേരത്തെ ഇത്.
വാഹന നികുതിയും ഫീസും ഇന്നുമുതൽ വർധിക്കും. പുതിയ വാഹനങ്ങൾക്ക് ഹരിത നികുതിയും കൂടും. ഇനിമുതൽ ഇരുചക്രവാഹനങ്ങളുടെ റീ രജിസ്ട്രേഷൻ ഫീസ് 1000 രൂപയായിരിക്കും. നേരത്തെ ഇത് 300 രൂപയായിരുന്നു. മുച്ചക്ര വാഹനങ്ങൾക്ക് 2500 രൂപയായിരിക്കും റീ രജിസ്ട്രേഷൻ ഫീസ്. 600 രൂപയിൽ നിന്നാണ് 2500 രൂപയായി ഉയർന്നത്. മറ്റു വാഹനങ്ങൾക്ക് 3000 രൂപയിൽ നിന്ന് 6000 രൂപയായി റീ രജിസ്ട്രേഷൻ ഫീസ് വർധിച്ചു. ഇറക്കുമതി ചെയ്ത ഇരുചക്രവാഹനങ്ങൾക്ക് 10,000 രൂപയായിരിക്കും ഇനിമുതൽ നിരക്ക്. 2500 രൂപയിൽ നിന്നാണ് പതിനായിരം രൂപയിലേക്ക് എത്തുന്നത്. ഇറക്കുമതി ചെയ്ത കാറിന് 5000 രൂപയുണ്ടായിരുന്നത് 40,000 രൂപയായി വർധിപ്പിച്ചു. അതേസമയം രജിസ്ട്രേഷൻ പുതുക്കാൻ വൈകിയാൽ അധിക നിരക്കായി ഇരുചക്രവാഹനങ്ങൾക്ക് രണ്ടുമാസത്തേക്ക് 300-ഉം മറ്റു വാഹനങ്ങൾക്ക് ഒരോമാസവും 500 വീതവും നൽകണം
15 വർഷം പഴക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിരക്കും വർധിച്ചിട്ടുണ്ട്. ഇരുചക്ര വാഹനത്തിന് 1400 രൂപയായി ഉയർന്നു. നേരത്തെ ഇത് 400 രൂപയായിരുന്നു. ഓട്ടോമാറ്റിക് വാഹനങ്ങൾക്ക് 600 രൂപയിൽ നിന്ന് 1500 രൂപയായി ഉയർന്നു. മുച്ചക്ര വാഹനങ്ങൾ 400 രൂപയിൽ നിന്ന് 4300 രൂപയായി ഉയർന്നു. കാർ - 600 രൂപയിൽ നിന്ന് 8300 രൂപയായി വർധിച്ചു. ഓട്ടോമാറ്റിക് കാറിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് 8500 രൂപയായി വർധിച്ചു. 800 രൂപയിൽ നിന്നാണ് ഈ വർധന. ഹെവി വാഹനങ്ങൾക്ക് 800 രൂപയിൽ നിന്നും 13500 രൂപയായി വർധിച്ചു. ഫിറ്റ്നസ് പുതുക്കാൻ വൈകിയാൽ ദിവസം 50 രൂപവീതം പിഴ ഈടാക്കും.
പാൻ കാർഡും ആധാറും ബന്ധിപ്പിക്കാനും ഫീസ് നൽകണം. ഏപ്രിൽ ഒന്ന് മുതൽ ജൂൺ 31 വരെ 500 രൂപയാണ് ഫീസ്. ജൂലായ് ഒന്നു മുതൽ ഫീസ് 1,000 രൂപയാക്കും. ബന്ധിപ്പിക്കാൻ ഒരു വർഷംകൂടി സമയം. 2023 മാർച്ച് 31-നും ആധാറും പാനും ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ നമ്പർ പ്രവർത്തന രഹിതമാകും.
സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ വിവിധ അവശ്യ മേഖലകളിൽ ജനത്തെ വലക്കുന്ന തരത്തിലുള്ള നിരക്ക് വർധനവാണ് ഉണ്ടായിരിക്കുന്നത്.

إرسال تعليق