സിപിഐ എം 1000 വീടുകൂടി നിർമിക്കുമെന്ന് കോടിയേരി



സംസ്ഥാനത്ത്‌ സിപിഐ എം നേതൃത്വത്തിൽ ഒരുവർഷംകൊണ്ട്‌ ആയിരം വീടുകൾ കൂടി നിർമിച്ചു നൽകുമെന്ന്‌ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഒരു ലോക്കൽകമ്മിറ്റി ഒരു വീട്‌ നിർമിച്ചുനൽകണമെന്ന്‌ 2018ലെ തൃശൂർ സംസ്ഥാന സമ്മേളനത്തിൽ തീരുമാനിച്ചതാണ്‌. ഇതനുസരിച്ച്‌ സംസ്ഥാനത്താകെ 1200 വീട്‌ നിർമിച്ചതായി കോടിയേരി പറഞ്ഞു. പാർടി കോൺഗ്രസിനോട്‌ അനുബന്ധിച്ച്‌ നിർമിച്ച 23 വീടുകളിലൊന്നിന്റെ താക്കോൽ പയ്യാമ്പലത്തെ ശ്രീലക്ഷ്‌മിക്ക്‌ കൈമാറിയശേഷം പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ രാഷ്‌ട്രീയവൽക്കരിക്കുന്നതിനൊപ്പം ജീവൽപ്രശ്‌നങ്ങൾക്കും പരിഹാരം കാണേണ്ടതുണ്ട്‌. അതിന്റെ ഭാഗമായാണ്‌ ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ പാർടി തീരുമാനിച്ചത്‌. സംസ്ഥാനത്ത്‌ ഒരുശതമാനത്തിൽ താഴെ ആളുകൾ ഇപ്പോഴും പരമദരിദ്രരാണ്‌. അവരുടെ ഉന്നമനമാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ ആദ്യ പരിഗണന. ഇക്കാര്യത്തിൽ പാർടി പ്രവർത്തകരും സജീവ പങ്കാളികളാകണം. സിപിഐ എം മുൻകൈയെടുത്താൽ അസാധ്യമായി ഒന്നുമില്ല. കോവിഡിലും പ്രളയത്തിലും യോദ്ധാക്കളായി രംഗത്തിറങ്ങി അത്‌ തെളിയിച്ചതാണെന്നും കോടിയേരി പറഞ്ഞു. ചടങ്ങിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ അധ്യക്ഷനായി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement