മലപ്പുറം: ജില്ലയിലെ വിവാഹമോചനക്കേസുകളുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ 3,275 കേസുകളാണ് തിരൂർ, മലപ്പുറം കുടുംബകോടതികളിലായി രജിസ്റ്റർചെയ്തത്. 2020 ൽ 786 പേരാണ് വിവാഹമോചനം ആവശ്യപ്പെട്ട് കോടതികളിലെത്തിയത്. 2021 ൽ ഇത് 1,338 ലെത്തി. കോവിഡിനുശേഷം വലിയ രീതിയിലുള്ള വർധനയാണ് ഉണ്ടായത്. കേസുകളിൽ 2,295 എണ്ണവും സ്ത്രീകൾ ഫയൽ ചെയ്തവയാണ്. 70 ശതമാനം വരുമിത്. തിരൂർ കുടുംബകോടതിയിൽ 288 കേസുകളാണ് 2020 ൽ രജിസ്റ്റർ ചെയ്തതെങ്കിൽ. 2021 ൽ 773 കേസുകൾ വരെയായി. മലപ്പുറം കുടുംബകോടതിയിൽ 2020 ൽ 498 കേസുകളാണുണ്ടായിരുന്നത്. 2021 ൽ ഫയൽ ചെയ്ത കേസുകളുടെ എണ്ണം 565 ആയി.
മദ്യപാനമുൾപ്പെടെ വിവിധ കാരണങ്ങളാണ് വിവാഹമോചനത്തിനു പിന്നിലുള്ളത്. വിവാഹേതര ബന്ധങ്ങളും ഇന്റർനെറ്റ് വഴിയുള്ള മറ്റ് ബന്ധങ്ങളുമെല്ലാം പലപ്പോഴും വിവാഹമോചനത്തിൽ ആണ് അവസാനിക്കുന്നത്. വ്യക്തിത്വവൈകല്യങ്ങൾ ഭാര്യയോ ഭർത്താവോ തിരിച്ചറിയാതെ പോകുന്നതും പ്രശ്നങ്ങളിലെത്തിക്കുന്നു. സ്വത്ത്, ഗാർഹികപീഡനം, ഭർത്തൃബലാത്സംഗം എന്നിവയെല്ലാം കാരണങ്ങളുടെ പട്ടികയിലുണ്ട്.
കുറച്ചുമാസങ്ങൾക്കുള്ളിൽ കുടുംബകോടതികളിലെത്തിയ വിവാഹമോചന കേസുകളുടെ പ്രധാന കാരണങ്ങളിലൊന്നാണ് ഭർത്തൃബലാത്സംഗങ്ങൾ. ഭാര്യയുടെ സമ്മതമില്ലാത്ത എല്ലാ ലൈംഗിക ബന്ധങ്ങളും ബലാത്സംഗങ്ങളുടെ പരിധിയിൽ വരും. ലൈംഗിക സൈറ്റുകൾക്ക് അടിമകളായ ഭർത്താക്കന്മാർ ലൈംഗിക വൈകൃതങ്ങൾക്ക് നിർബന്ധിക്കുന്നതായും കേസുകൾ ഫയൽചെയ്ത സ്ത്രീകൾ പറയുന്നു. ചെറുപ്രായത്തിൽ വിവാഹിതരായ ഇവരിൽ പലരും ഇത് ബലാത്സംഗമാണെന്ന് തിരിച്ചറിഞ്ഞതുപോലും വൈകിയാണ്.
'21ാം വയസ്സിൽ പ്രണയിച്ച് വിവാഹംകഴിച്ചു. 24 ൽ അയാളുടെ അടിമയായി നിൽക്കാനാവില്ലെന്ന ഉറച്ച തീരുമാനത്തിൽ ഞാൻ വിവാഹമോചനം ആവശ്യപ്പെട്ടു. എല്ലാം സഹിച്ചശേഷമാണ് വിവാഹമോചനം നേടി തിരിച്ചെത്തുന്നത്. ഇത്തരക്കാർക്ക് ഏറ്റവും കൂടുതൽ വേണ്ടത് സ്വന്തം വീട്ടുകാരിൽനിന്നുള്ള പിന്തുണയാണ്. പലപ്പോഴും കിട്ടാതെ പോവുന്നതും ഇതാണ്. കുട്ടിയുടെ കാര്യം പറഞ്ഞുകൊണ്ടാണ് വിലപേശൽ.
രണ്ടാം വിവാഹത്തിനുള്ള നിർബന്ധിക്കലും ബന്ധുക്കളിൽനിന്നുപോലും ലൈംഗികാതിക്രമങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. എന്റെ ജീവിതത്തിൽ ഇനി തീരുമാനങ്ങൾ ഞാനെടുക്കും' തിരൂർ കോടതിയിൽ വിവാഹമോചനം ആവശ്യപ്പെട്ടെത്തിയ പെൺകുട്ടിയുടെ വാക്കുകളാണ്. വർഷങ്ങൾക്കിപ്പുറം മുടങ്ങിപ്പോയ തന്റെ ഉന്നത വിദ്യാഭ്യാസം തുടരുകയാണവൾ.
വിവാഹമോചനം ആവശ്യപ്പെട്ടെത്തുന്ന സ്ത്രീകളുടെ എണ്ണത്തിലുണ്ടായ വർധന ശുഭസൂചകമായി കണക്കാക്കാം. സ്ത്രീകൾ കുറേക്കൂടി വിദ്യാഭ്യാസത്തിലും ജോലിയിലും മുൻപോട്ടുവന്നു. എല്ലാംസഹിച്ച് നിൽക്കേണ്ടതില്ലെന്ന ബോധ്യം സ്ത്രീകൾക്കുണ്ടായതുപോലെത്തന്നെ വിവാഹമോചനം മോശപ്പെട്ട കാര്യമാണെന്ന സമൂഹത്തിന്റെ ചിന്തയിലും മാറ്റംവന്നിട്ടുണ്ട്. ഇതിന്റെ ഒരു പ്രതിഫലനം കൂടിയാണ് കേസുകളുടെ എണ്ണത്തിലെ വർധന.
പാശ്ചാത്യരാജ്യങ്ങളിലുള്ളതുപോലെ ആരോഗ്യപരമായ വിവാഹമോചനങ്ങളല്ല നമ്മുടെ നാട്ടിലേത്. ഇവിടെ വരുന്ന പല കേസുകളിലും കണ്ടു വരുന്നതാണ് പാരന്റൽ ഏലിയനേഷൻ. വിവാഹമോചിതരാകുന്ന രക്ഷിതാക്കളിലൊരാൾ കുട്ടികളിലേക്ക് മറുഭാഗത്തുള്ള ആളെപ്പറ്റി കുറ്റപ്പെടുത്തലുകൾ മാത്രം പറഞ്ഞുകൊണ്ടിരിക്കും. ഇത് കുട്ടിയിൽ അച്ഛനമ്മമാരിലൊരാളോട് സ്നേഹവും ഒരാളോട് വിദ്വേഷവും വളർത്തും. കൗൺസലിങ്ങിലൂടെ കൃത്യമായ നിർദേശങ്ങൾ നൽകാറുണ്ടെങ്കിലും പരസ്പര ബഹുമാനത്തോടെ പിരിയുന്നവരുടെ എണ്ണം കുറവാണ്.

Post a Comment