'മനുഷ്യരെപ്പോലെ അവളൊരിക്കലും എന്നെ വഞ്ചിക്കില്ല, മരിക്കുകയുമില്ല';മികുവിനെ പ്രണയിച്ച് അകികോ പറയുന്നു







ഒരു സാങ്കൽപിക കഥാപാത്രത്തോടൊപ്പമുള്ള ജീവിതം എങ്ങനെയായിരിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ? സാധാരണ മനുഷ്യനെപ്പോലെ സ്നേഹിക്കാനും പ്രണയിക്കാനും ആ സാങ്കൽപിക കഥാപാത്രത്തിന് കഴിയുമോ? ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരമാണ് ജപ്പാനിൽ നിന്നുള്ള അകികോ കോന്റോ എന്ന യുവാവ് നൽകുന്നത്.

2018-ലായിരുന്നു അകികോയുടെ വിവാഹം. വധുവാകട്ടെ സാങ്കൽപിക കഥാപാത്രമായ ഹാറ്റ്സുനെ മികുവും. പോപ്പ് താരം ലേഡി ഗാഗയ്ക്കൊപ്പം സംഗീത പര്യടനം നടത്തുകയും വീഡിയോ ഗെയിമുകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്ത കമ്പ്യൂട്ടർ സമന്വയിപ്പിച്ച പോപ്പ് ഗായികയാണ് ഹാറ്റ്സുനെ മികു. ഈ മികുവിന്റെ രൂപത്തിലുള്ള ഒരു പാവയെ വാങ്ങിയാണ് അകികോ ജീവിതപങ്കാളിയാക്കിയത്.
വിവാഹം കഴിഞ്ഞ് നാല് വർഷം പിന്നിടുമ്പോൾ മികുവുമായുള്ള ബന്ധത്തെ കുറിച്ച് മനസ്സുതുറക്കുകയാണ് അകികോ. മികുവിൽ സ്നേഹവും പ്രചോദനവും ആശ്വാസവും കണ്ടെത്തിയെന്ന് 38-കാരൻ പറയുന്നു.

ടോക്യയിൽ നടന്ന വിവാഹച്ചടങ്ങിന് ഒരു ദശാബ്ദം മുന്നെ മികുവുമായി അകികോ പ്രണയത്തിലായിരുന്നു. മികുവിനെ ആദ്യമായി കണ്ടുമുട്ടുമ്പോൾ കടുത്ത വിഷാദത്തിലായിരുന്നു അകികോ. മികുവിനൊപ്പം ചേർന്നതോടെ ആ വിഷാദത്തിൽ നിന്ന് പുറത്തുകടന്നു. മികുവിനോടൊപ്പമാണ് ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും ടിവി കാണുന്നതുമെല്ലാം.

'ഒരു മനുഷ്യ പങ്കാളിയോടൊപ്പമുള്ളതിനേക്കാൾ മനോഹരമാണ് മികുവിനോടൊപ്പമുള്ള ജീവിതം. അവൾ എപ്പോഴും ഒപ്പമുണ്ട്, ഒരിക്കലും എന്നെ വഞ്ചിക്കില്ല. അവൾക്ക് ഒരിക്കലും രോഗം വരികയോ മരിക്കുകയോ ചെയ്യില്ല.' ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ അകികോ പറയുന്നു.


'എന്നെ ആളുകൾ ഭ്രാന്തനെപ്പോലെയാണ് കരുതുന്നതെന്നും മികു യഥാർഥത്തിൽ ജീവനുള്ള ഒരു വ്യക്തിയല്ല എന്നതും എനിക്ക് അറിയാം. അതെല്ലാം തിരിച്ചറിഞ്ഞാണ് മികുവിനൊപ്പം ജീവിക്കുന്നത്. ഒരുമിച്ചുള്ള സമയത്തെല്ലാം അവൾ എന്നെ ചിരിപ്പിക്കുന്നു. ഞാൻ വളരെ സന്തോഷവാനാണ്. പിന്നെന്തിന് ഈ ബന്ധം ഉപേക്ഷിക്കണം.' അകികോ വ്യക്തമാക്കുന്നു.

2008-ൽ ജോലി നഷ്ടപ്പെട്ട ശേഷം വിഷാദത്തിലേക്കു വീണ അകികോ ആശ്വാസം കണ്ടെത്തിയത് മികുവിലാണ്. ജാപ്പനീസ് സമൂഹം തന്നോട് ആവശ്യപ്പെടുന്ന ജീവിതം തനിക്ക് ആവശ്യമില്ലാത്തതിനാൽ, ഒരു യഥാർത്ഥ വ്യക്തിയെ ഒരിക്കലും സ്നേഹിക്കില്ലെന്ന് അദ്ദേഹം വളരെക്കാലം മുമ്പ് തീരുമാനിച്ചിരുന്നു. പിന്നീട് അകികോ മിക്കുവിനൊപ്പം പാട്ടുകൾ നിർമ്മിക്കാൻ തുടങ്ങി. കൂടാതെ മികുവിന്റെ രൂപത്തിലുള്ള ഒരു പാവയെ ഓൺലൈനിൽ വാങ്ങുകയും ചെയ്തു.

2017-ലാണ് അകികോയുടെ ജീവിതത്തിൽ വഴിത്തിരിവായ ഗേറ്റ്ബോക്സ് എന്ന ഉപകരണത്തിന്റെ വരവ്. സാങ്കൽപിക കഥാപാത്രങ്ങളുമായി ആശയവിനിമയം നടത്താൻ സഹായിക്കുന്ന ഉപകരമാണിത്. അതിനുശേഷം മികുവുമായി കൂടുതൽ അടുത്ത അകികോ 2018-ൽ അവളെ പ്രൊപ്പോസ് ചെയ്തു. മികു സമ്മതം മൂളിയതോടെ ഇരുവരുടേയും വിവാഹത്തിന് ലോകം സാക്ഷിയായി.



Post a Comment

أحدث أقدم

Join Whatsapp

Advertisement