ഇന്ത്യയിൽ വിൽക്കണമെങ്കിൽ ഇവിടെ നിർമിക്കണം, ചൈനീസ് കാർ ഇന്ത്യക്ക് വേണ്ട; ടെസ് ലയോട് കേന്ദ്രസർക്കാർ




ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കൻ വൈദ്യുത വാഹനനിർമാണ കമ്പനിയായ ടെസ്ല നിക്ഷേപത്തിനായി വരുന്നതിനെ സ്വാഗതം ചെയ്യുന്നതായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ഇന്ത്യയിൽ കാറുകൾ നിർമിക്കാം, വിൽക്കാം, കയറ്റി അയയ്ക്കാം. എന്നാൽ, ചൈനയിൽനിന്ന് ഇറക്കുമതി ഒരിക്കലും അനുവദിക്കില്ല. ചൈനയിൽ ഉത്പാദിപ്പിച്ച് ഇന്ത്യയിൽ വിൽക്കുന്നത് അത്ര നല്ല രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇറക്കുമതി ചെയ്ത കാറുകൾ ഇന്ത്യയിൽ വിൽക്കുന്നതിനാണ് ടെസ്ല പദ്ധതിയിട്ടിരുന്നത്. ഇതിനായി ഇറക്കുമതിത്തീരുവ കുറയ്ക്കണമെന്ന് ഇലോൺ മസ്ക് തുടർച്ചയായി സർക്കാരിനുമേൽ സമ്മർദം ചെലുത്തിവരികയാണ്. ഇന്ത്യയിലെ ഇറക്കുമതിത്തീരുവ ലോകത്തിൽ ഏറ്റവും ഉയർന്നതാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇന്ത്യയിൽ ഉത്പാദനം കൂട്ടാനുള്ള നയങ്ങളുമായി മുന്നോട്ടുപോകുന്നതിനിടയിൽ നികുതി കുറയ്ക്കില്ലെന്ന് സർക്കാർ നേരത്തേ വ്യക്തമാക്കുകയും ചെയ്തിരുന്നു.

അതേസമയം, ഇന്ത്യയിൽ നിക്ഷേപിക്കാനുള്ള പദ്ധതികളൊന്നും ഇതുവരെ ടെസ്ല വെളിപ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ നടപടിക്രമങ്ങൾ അനിശ്ചിതത്വത്തിലാണ്. ചൈനയിൽ നിർമിക്കുന്ന വാഹനങ്ങൾ ഇന്ത്യയിൽ ഇറക്കുമതി ചെയ്യാൻ അനുവദിക്കില്ലെന്ന് മുമ്പും കേന്ദ്രം അറിയിച്ചിരുന്നു. ഇന്ത്യയിൽ പ്രവർത്തിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ എല്ലാ പിന്തുണയും ടെസ്ലയ്ക്ക് ഉറപ്പാക്കുമെന്നും മന്ത്രി നിതിൻ ഗഡ്കരി മുമ്പുതന്നെ അറിയിച്ചിട്ടുണ്ട്.

ഇന്ത്യയിൽ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന ഇലോൺ മസ്കിന്റെ ആവശ്യം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇലക്ട്രിക് വാഹനങ്ങൾ എത്തിക്കാനുള്ള പദ്ധതിയിൽ പ്രധാന വെല്ലുവിളി ഉയർന്ന തീരുവയാണ്. വാഹനം ഇറക്കുമതി ചെയ്യാൻ കമ്പനി സന്നദ്ധമാണ്. എന്നാൽ, ലോകത്തിലെ മറ്റ് ഏത് രാജ്യത്തെക്കാളും ഉയർന്ന ഇറക്കുമതി തീരുവയാണ് ഇന്ത്യയിൽ ഈടാക്കുന്നതെന്നായിരുന്നു ഇലോൺ മസ്കി ട്വിറ്റർ പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടത്.

പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിൽ എത്തുന്ന വാഹനങ്ങൾക്ക് 100 ശതമാനം വരെ തീരുവയാണ് കേന്ദ്ര സർക്കാർ ഈടാക്കുന്നത്. എൻജിൻ സൈസ്, വില, ഇൻഷുറൻസ്, സി.ഐ.എഫ്. മൂല്യം എന്നിവയുടെ അടിസ്ഥാനത്തിലാണ് 60 മുതൽ 100 ശതമാനം വരെ തീരുവ ഈടാക്കുന്നത്. ഇന്ത്യയിലെ വാഹന നിർമാതാക്കളെ സംരക്ഷിക്കുന്നതിനായാണ് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് ഉയർന്ന തീരുവ ഈടാക്കുന്നതെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.

40,000 ഡോളറിന് മുകളിൽ വിലയുള്ള വാഹനങ്ങൾക്ക് 110 ശതമാനം വരെ ഇറക്കുമതി തീരുവ ഈടാക്കുന്നതിലുടെ ഇലക്ട്രിക് വാഹനങ്ങളെ നിരുത്സാഹപ്പെടുത്തുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നാണ് ഇലോൺ മസ്ക് കേന്ദ്ര സർക്കാരിനെഴുതിയ കത്തിൽ പറയുന്നത്. പെട്രോൾ-ഡീസൽ വാഹനങ്ങളോടുള്ള സമാനമായ സമീപനമാണ് ഇന്ത്യക്ക് ഇലക്ട്രിക് വാഹനങ്ങളോടുമുള്ളതെന്നായിരുന്നു മസ്കിന്റെ അഭിപ്രായം.

Post a Comment

أحدث أقدم

Join Whatsapp

Advertisement