കടലോരമായതിനാൽ കുടിവെള്ളത്തിനും ക്ഷാമമാണ്. കുപ്പിവെള്ളമാണ് ആശ്രയം. ഒന്നരലിറ്റർ കുപ്പിവെള്ളത്തിന് വെള്ളിയാഴ്ച വില 120 രൂപ.
ജാഫ്ന, പാലക്കാടിനെ ഓർമിപ്പിക്കുന്ന നാട്. കാറ്റുപോലും പിടിക്കാതെ ഉയർന്നുനിൽക്കുന്ന കരിമ്പനകൾ. കൊടും ചൂട്. ഫലഭൂയിഷ്ഠമായ മണ്ണ്. ജാഫ്നയ്ക്കുപക്ഷേ, കടലോരമുണ്ട്. തീരങ്ങളിൽ ഇപ്പോൾ വറുതി തിരയിളക്കുന്നു. ശ്രീലങ്കയെ ആകെ പിടികൂടിയ പണമില്ലായ്മ അന്നന്നത്തെ അന്നത്തിന് കടലിനെ ആശ്രയിച്ചുകഴിയുന്ന ഇവരുടെ കുടികളെ ദരിദ്രരാക്കി. ''കാശില്ല. വീട്ടിൽ സാധനങ്ങളില്ല. അരിയും പഞ്ചസാരയും ഉപ്പും ഒന്നുമില്ല. ഒരുലിറ്റർ വെളിച്ചെണ്ണയ്ക്ക് 1100 രൂപയാണ് (ശ്രീലങ്കൻ രൂപ)'' -പോയന്റ് പെഡ്രോ കടപ്പുറത്തുകണ്ട അനിസ്റ്റിനി സങ്കടം പറഞ്ഞു. അനിസ്റ്റിനിയുടെ ഭർത്താവും സഹോദരനും അമ്മാവനുമുൾപ്പെടെ കുടുംബത്തിലെ എല്ലാവരും കടൽപ്പണിക്കാരാണ്. ആഴക്കടലിൽ മീൻപിടിക്കാൻ പോകുന്നവർ.
ടി.വി.യിലും പത്രത്തിലുമൊന്നും മുഖംവരാൻ താത്പര്യമില്ലാത്ത അനിസ്റ്റിനി അല്പമകലെ വലകുടഞ്ഞുനിൽക്കുന്ന രണ്ടുമൂന്നു ചെറുപ്പക്കാരെ ചൂണ്ടി പറഞ്ഞു: ''ഇതിപ്പോൾ കടലിൽ പോയിട്ടുവന്നതാണ്. ചെലവുകാശിനുപോലും കിട്ടിയില്ല. നഷ്ടമാണ്. കടലിൽപ്പോകാൻ ചെലവായത് 10,000 രൂപ. രണ്ടു പാരമീനാണ് ആകെ കിട്ടിയത്. മൂന്നുകിലോയോളം വരും. കിലോയ്ക്ക് 600 രൂപവെച്ചേ കിട്ടൂ. വലിയ നഷ്ടം. അഞ്ചുപേരും കൂടി കടലിൽപോയിട്ട് ഒരാൾക്ക് എന്താകാനാണ്.''
കടപ്പുറത്തുനിന്ന് പോരുന്നതിനുമുമ്പുതന്നെ ഒരാളെത്തി ഇപ്പറഞ്ഞ വിലയ്ക്കുതന്നെ മീൻകൊണ്ടുപോയി. കൊളംബോയിലേക്കാണ് ഈ മീൻ പോകുന്നത്.ഇന്ധനവും വൈദ്യുതിയുമില്ലാത്തത് നഗരവാസികളെക്കാൾ ദരിദ്രരാക്കിയത് ഇവരെയാണ്. വൈദ്യുതിയില്ലാത്തതിനാൽ ഐസില്ല.
''കടൽവേലചെയ്യുന്നവർക്ക് ഐസില്ല, എണ്ണയില്ല. ഐസിട്ടില്ലെങ്കിൽ മീൻ ചീഞ്ഞുപോകും. അതുകൊണ്ട് മീനെടുക്കില്ലെന്ന് ഇടപാടുകാർ പറഞ്ഞു. ഉപ്പുമില്ല. ചെറുമീൻ ഉണക്കിവെക്കാൻ കഴിയില്ല. ആരോടുപറയാനാണ്'' -പതിനേഴാം വയസ്സിൽ മീൻപിടിത്തം തൊഴിലാക്കിയ 43-കാരൻ സന്ദിരൻ നിസ്സഹായനായി.
കടലോരമായതിനാൽ കുടിവെള്ളത്തിനും ക്ഷാമമാണ്. കുപ്പിവെള്ളമാണ് ആശ്രയം. ഒന്നരലിറ്റർ കുപ്പിവെള്ളത്തിന് വെള്ളിയാഴ്ച വില 120 രൂപ. അടിക്കടി വില കയറുന്നതിനാൽ കുപ്പിവെള്ളത്തിനുപകരം മൂന്നുകിലോമീറ്റർ അകലെപ്പോയി കിണർവെള്ളം കൊണ്ടുവരുകയാണ്. ''പാൽപ്പൊടി 400 ഗ്രാമിന് 750 രൂപയായിരുന്നു. ഇന്നിപ്പോൾ (വെള്ളിയാഴ്ച) 800 രൂപയായി. കുഞ്ഞുങ്ങൾക്ക് ഞങ്ങൾ എന്തുകൊടുക്കും. പഞ്ചസാരയ്ക്ക് ഇന്ന് 230 രൂപ, നാളെ 280 രൂപ. അങ്ങനെ വില കയറിക്കൊണ്ടിരിക്കയാണ്. പിന്നെങ്ങനെ ഞങ്ങൾ ജീവിക്കും'' -സന്ദിരൻ ചോദിച്ചു.
ഈ സംഭാഷണമെല്ലാം കേട്ടുകൊണ്ട് ഒരു ആറുവയസ്സുകാരൻ വലപ്പുറത്തിരിപ്പുണ്ട്. സ്കൂൾ യൂണിഫോമിലാണ്. പേര് ആന്റണിരാജ്. അച്ഛൻ 2017-ൽ കടലിൽ മീൻപിടിക്കാൻ പോയപ്പോൾ മരിച്ചു. അമ്മയുമില്ല. ഈ കുട്ടിയെ വളർത്തുന്നത് മാമൻ സന്ദിരനാണ്.
വരുമാനമില്ലാത്തതിനാൽ ഇവിടിപ്പോൾ ആരും കടലിൽ പോകുന്നില്ല. വള്ളങ്ങളും വലകളും കരയിലും കടലോരത്തുമായി കിടക്കുന്നു. ചിലർ ഇരുന്ന് വലക്കേടുതീർക്കുന്നു. ''ഇവിടത്തെ എല്ലാ വള്ളങ്ങളും കരയ്ക്കെത്തി. കടലിൽ ആരുമില്ല. ചെറിയ മീൻ എടുക്കില്ലെന്ന് ഇടനിലക്കാർ പറഞ്ഞു. അതിനാൽ അവ പിടിക്കുന്നില്ല. ഉണക്കാൻ ഉപ്പില്ലാത്തതിനാൽ സൂടമീൻ കടലിൽ കളഞ്ഞു'' -സന്ദിരനും ജെറോമും പറഞ്ഞത് ഒരേ കാര്യം.
ഉപ്പും ഇറക്കുമതി ചെയ്യുകയാണ് ശ്രീലങ്ക. ചൈന, തായ്ലൻഡ്, ഇന്ത്യ, പാകിസ്താൻ എന്നിവിടങ്ങളിൽനിന്നാണ് ഉപ്പ് ഇറക്കുമതി.
വലിയ യന്ത്രവത്കൃത ബോട്ടുകളോ വലകളോ ഒന്നുമല്ല ജാഫ്നയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കുന്നത്. മണ്ണെണ്ണയിൽ പ്രവർത്തിക്കുന്ന എൻജിനുള്ള പഴയമട്ടിലെ ഫൈബർ ബോട്ടുകളാണ്. അതുകൊണ്ടുതന്നെ മണ്ണെണ്ണ ക്ഷാമം ഇവരെ കടുത്തതോതിൽ ബാധിച്ചു. രാവിലെ ആറിന് മണ്ണെണ്ണയ്ക്കുവരിനിന്നിട്ട് പന്ത്രണ്ടിന് കടപ്പുറത്തെത്തിയ ജെറോം നേരെ സംസാരിക്കാൻ വന്നു. ''ഇതിനുമുമ്പ് ട്രോളർ പ്രശ്നമായിരുന്നു. അതുകാരണം ലക്ഷക്കണക്കിനുരൂപയുടെ നഷ്ടം ഞങ്ങൾക്കുണ്ടായി.'' ചെറുമീനുകളെപ്പോലും തൂത്തുവാരിപ്പിടിക്കുന്ന വലകളുമായി ഇന്ത്യൻ വള്ളങ്ങൾ സമുദ്രാതിർത്തി ലംഘിച്ച് ശ്രീലങ്കൻ കടലിലെത്തി മീൻപിടിച്ചതും തുടർന്നുണ്ടായ പ്രശ്നങ്ങളുമാണ് ജെറോം പറഞ്ഞത്.
എണ്ണ ചൈന കൊടുക്കുന്നു, ഇന്ത്യ കൊടുക്കുന്നു എന്നൊക്കെ പറയുന്നുണ്ട്. അതുകൊണ്ടുകാര്യമില്ല, ഞങ്ങളുടെ പ്രശ്നമിതാണ്. തൊഴിലിനെ ആശ്രയിച്ച് വായ്പയെടുത്തവരുടെ കാര്യവും കഷ്ടത്തിലാണ്. അടയ്ക്കാൻ പണമില്ലാത്തതിനാൽ വീട് ജപ്തിചെയ്യാൻ വരുന്നു.'' കടലോരവാസികളുടെ പ്രശ്നങ്ങൾ ജെറോം അക്കമിട്ടുനിരത്തി.
നല്ല ജീവിതംതേടി പത്തുകൊല്ലം മുമ്പ് ഓസ്ട്രേലിയയ്ക്കുപോയ ആളാണ് ജെറോം. 18 ദിവസം കപ്പലിൽ സഞ്ചരിച്ച് ഓസ്ട്രേലിയയിലെത്തി. അനധികൃത കുടിയേറ്റത്തിനുപിടിക്കപ്പെട്ട് ഏതാനും മാസം ജയിലിൽക്കിടന്നു. പിന്നെ മെൽബണിൽ ജോലിചെയ്യാൻ വർക്ക് വിസകിട്ടി. നെരിപ്പോടുകളിൽ ഉപയോഗിക്കാനുള്ള വിറകുവെട്ടൽമുതൽ പല പണികളും ചെയ്തു. മൂന്നുകൊല്ലം മുമ്പ് ജാഫ്നയിൽ തിരിച്ചെത്തി. അതിന് കാരണമുണ്ട്. രണ്ടുമക്കളാണ് മുപ്പത്തൊമ്പതുകാരനായ ജെറോമിന്. രണ്ടുപേരും നല്ലവണ്ണം പഠിക്കും. അവരുടെ പഠനത്തിൽ ശ്രദ്ധിക്കാനാണ് തിരിച്ചെത്തിയത്. സ്കൂൾ ലീഡറായ മകനെ ഡോക്ടറാക്കണമെന്നാണ് ആഗ്രഹം. ''തുറയ്ക്ക് സ്വന്തമായൊരു ഡോക്ടർവേണം. അതിനാണ് ഞാൻ വീണ്ടും ഈ കടൽപ്പണിക്കെത്തിയത്'' -അദ്ദേഹം പറഞ്ഞു.

إرسال تعليق