ഉത്തർ പ്രദേശിലെ ഇറ്റ ജില്ലയിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള കുസ്ബ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം
ഉടുത്തിരുന്ന ചുവന്ന സാരി അഴിച്ച് റെയിൽവേ പാലത്തിന് കുറുകെ കെട്ടി നൂറു കണക്കിന് ജീവൻ രക്ഷിച്ച് ഉത്തർ പ്രദേശിലെ എഴുപത് വയസ്സുകാരി ഓംവതി. ഇറ്റ ജില്ലയിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള കുസ്ബ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. റെയിൽവേ പാളത്തിൽ വിള്ളൽ കണ്ടെത്തിയ ഓംവതി സാരി അഴിച്ച് ട്രാക്കിന്റെ രണ്ട് അറ്റത്തും കെട്ടി ലോക്കോ പൈലറ്റിന് അപായ സൂചന നൽകുകയായിരുന്നു.
ഇറ്റാ ജില്ലയിലെ അവഗാർ ബ്ലോക്കിലെ ഗുലേരിയ ഗ്രാമത്തിലാണ് ഓംവതി താമസിക്കുന്നത്. പതിവുപോലെ ജോലിക്കായി വയലിലേക്ക് പോകുന്നതിനിടയിൽ ട്രാക്കിൽ വിള്ളൽ കണ്ടു. അപായ സൂചന നൽകാൻ പറ്റുന്ന എന്തെങ്കിലും തൊട്ടടുത്തുണ്ടോ എന്ന് അന്വേഷിച്ചു. ഒന്നും കണ്ടെത്താനായില്ല. ഇതോടെ തന്റെ ചുവന്ന സാരി അഴിച്ച് ട്രാക്കിന് ഇരുവശത്തും കെട്ടുകയായിരുന്നു.
സമീപത്തെ മരത്തിലെ കമ്പുകൾ മുറിച്ച് ട്രാക്കിന്റെ ഇരുവശത്തും കുത്തിനിർത്തി അതിൽ സാരി കെട്ടുകയായിരുന്നു. നിമിഷനേരത്തിനുള്ളിൽ ഇറ്റയിൽ നിന്ന് തുണ്ട്ലയിലേക്കുള്ള പാസഞ്ചർ ട്രെയിൻ പാഞ്ഞെത്തി. എന്നാൽ അപകടം മനസ്സിലാക്കിയ ലോക്കോ പൈലറ്റ് ബ്രേക്ക് ചവിട്ടി. ഇതോടെ വലിയ ദുരന്തം വഴിമാറി. അറ്റകുറ്റപ്പണി കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷമാണ് ഇതുവഴിയുള്ള ഗതാഗതം പുന:സ്ഥാപിച്ചത്.
'വിദ്യാഭ്യാസമില്ലെങ്കിലും ചുവപ്പു നിറത്തിലുള്ള കൊടി കാണിക്കുന്നത് അപായ സൂചനയാണെന്ന് എനിക്കറിയാം. ഇന്നു സാരിയുടുത്തത് നന്നായി'-ഓംവതി പറയുന്നു.
ലോക്കോ പൈലറ്റും ഉത്തർ പ്രദേശിലെ പോലീസ് ഉദ്യോഗസ്ഥനായ സച്ചിൻ കൗശികും ഓംവതിയെ അഭിനന്ദിച്ചു. സച്ചിൻ കൗശിക് തന്റെ ട്വിറ്റർ പേജിൽ ഓംവതിയുടെ ധീരതയെ പുകഴ്ത്തി ട്വീറ്റു ചെയ്യുകയും ചെയ്തു. ഇതോടെയാണ് ഈ വാർത്ത പുറംലോകം അറിഞ്ഞത്.

إرسال تعليق