പേരാവൂര്‍: ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സിപിഐഎം ലോക്കല്‍ സെക്രട്ടറിയും പേരാവൂര്‍ ഏരിയാ കമ്മിറ്റി അംഗവുമായ കെകെ ശ്രീജിത്തിനെതിരെ നടപടി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, ഏരിയ കമ്മിറ്റി അംഗം, സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ നിന്ന് ശ്രീജിത്തിനെ മാറ്റി.
അതേസമയം പാര്‍ട്ടിയുടെ പ്രാഥമിക അംഗത്തില്‍ ശ്രീജിത്ത് തുടരും. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ സാന്നിധ്യത്തില്‍ ഇന്ന് രാവിലെ ചേര്‍ന്ന അടിയന്തര ഏരിയാ കമ്മിറ്റി യോഗമാണ് നടപടിയെടുത്തത്. ഡിവൈഎഫ്‌ഐയുടെ ബ്ലോക്ക് ഭാരവാഹിയായ വനിതാ നേതാവാണ് പരാതി നല്‍കിയത്. ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നു ഇയാള്‍.
ഏപ്രില്‍ 22നാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. യുവതി ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃത്വത്തിനും സിപിഎം ജില്ലാ കമ്മിറ്റിക്കും പരാതി നല്‍ക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗം പരാതിയില്‍ അടിയന്തര നടപടി എടുക്കാന്‍ ഏരിയ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു. ഇതേതുടര്‍ന്നാണ് പാര്‍ട്ടി പത്രത്തിന്റെ ലേഖകന്‍ കൂടിയായ ആരോപണ വിധേയനെതിരെ നടപടിയെടുത്തത്. എന്നാല്‍ യുവതി ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.


إرسال تعليق