പോലീസിലെ ക്ഷേമപദ്ധതികൾക്കായുളള സ്വകാര്യ ബാങ്കിടപാട് നിർത്തി


തിരുവനന്തപുരം: പോലീസ് വകുപ്പിലെ ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് ക്ഷേമപദ്ധതികൾക്കുള്ള തുക സ്വകാര്യബാങ്കുവഴി പിടിക്കുന്നതിനുള്ള നടപടികൾ നിർത്തി. ജീവനക്കാരിൽനിന്നുള്ള പ്രതിഷേധങ്ങൾക്കും ഔദ്യോഗിക വ്യക്തത വരുത്തലുകൾക്കും ഒടുവിലാണ് നടപടികൾ നിർത്തി എ.ഡി.ജി.പി. മനോജ് എബ്രഹാം ഉത്തരവിറക്കിയത്.

പോലീസ് ഉദ്യോഗസ്ഥരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സർവീസ് രേഖകളും സ്വകാര്യ ഏജൻസി ശേഖരിക്കുന്നതിൽ ആശങ്കപ്രകടിപ്പിച്ച് ഉദ്യോഗസ്ഥർക്കിടയിൽതന്നെ പ്രതിഷേധങ്ങൾ ഉയരുകയായിരുന്നു.

യൂണിറ്റുകളിലെ കാഷ്യർമാർ വിവിധ ക്ഷേമ പദ്ധതികളിലേക്കുള്ള തുക ജീവനക്കാരിൽനിന്ന് ഈടാക്കി അതത് അക്കൗണ്ടുകളിൽ നേരിട്ട് അടയ്ക്കാനാണ് പുതിയ നിർദേശം. സ്റ്റേഷൻ ഹൗസ് ഓഫീസർമാർ അവർക്ക് കീഴിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരിൽനിന്ന് പദ്ധതികൾക്കുള്ള തുക ഈടാക്കി അതത് ഫണ്ടുകളുടെ അക്കൗണ്ടിൽ അടയ്ക്കാൻ കാഷ്യർമാർക്ക് എത്തിച്ചു നൽകാനും നിർദേശിച്ചിട്ടുണ്ട്.

ജീവനക്കാരുടെ ശമ്പളബില്ലിൽനിന്ന് തുക പിടിക്കുന്നത് കേരള ഫിനാഷ്യൽ കോഡിലെ വ്യവസ്ഥപ്രകാരം മാത്രമേ ആകാവൂയെന്ന് സംസ്ഥാന സർക്കാർ സർക്കുലർ പുറത്തിറക്കിയിരുന്നു. ഇതേത്തുടർന്ന് പോലീസ് ക്ഷേമഫണ്ടുകൾ, ക്ഷേമപദ്ധതികൾ എന്നിവയിലേക്ക് തുക പിടിക്കാൻ പറ്റാതായി.

ജീവനക്കാരിൽനിന്ന് ഒരു രൂപപോലും ഈടാക്കാതെ ബദൽ സംവിധാനം ഒരുക്കാമെന്ന് സ്വകാര്യ ബാങ്ക് ഉറപ്പ് നൽകിയതോടെ ആ ചുമതല സ്വകാര്യ ബാങ്കിനെ ഏൽപ്പിക്കുകയായിരുന്നു. ഇതാണ് വിവാദത്തെത്തുടർന്ന് അവസാനിപ്പിക്കുന്നത്.


Post a Comment

أحدث أقدم

Join Whatsapp

Advertisement