റോഡിലിനി ഉഡായിപ്പൊന്നും നടക്കില്ല; പണി ഓൺലൈനായും ഓഫ്‌ലൈനായും വീട്ടിൽ കിട്ടും


മൊബൈൽഫോൺ ദുരുപയോഗം, അമിതവേഗം, ഹെൽമെറ്റ് ധരിക്കാതിരിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ തടയുകയാണ് ലക്ഷ്യം.

അമിതവേഗത്തിലും അശ്രദ്ധമായുമുള്ള ഡ്രൈവിങ്, ഡ്രൈവിങ്ങിനിടെ മൊബൈൽഫോൺ ഉപയോഗം, തുടങ്ങിയ ഗതാഗത നിയമലംഘനങ്ങൾ ചെയ്ത്, പോലീസിനെയോ മോട്ടോർ വാഹന വകുപ്പുദ്യോഗസ്ഥരെയോ കാണുമ്പോൾ പെട്ടെന്ന് നല്ലകുട്ടിയാവുന്ന ഡ്രൈവർമാർക്കിനി രക്ഷപ്പെടാനാവില്ല... ഗതാഗത നിയമലംഘനങ്ങൾ തടയാൻ മോട്ടോർവാഹന വകുപ്പിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജന്റ് ക്യാമറകൾ (നിർമിതബുദ്ധി) നിരത്തുകളിൽ ഇനി നിരന്നുനിൽക്കും.

എറണാകുളം ജില്ലയിലെ പ്രധാന റോഡിന്റെ വശങ്ങളിൽ 50 ക്യാമറകൾ സ്ഥാപിക്കാനാണ് അനുമതി ലഭിച്ചിട്ടുള്ളത്. 'സേഫ് കേരള' പദ്ധതിയുടെ ഭാഗമായി നിർമിതബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന 64 ക്യാമറകളാണ് സ്ഥാപിക്കുന്നത്. ഇതിൽ 50 ക്യാമറകളാണ് വകുപ്പ് അനുവദിച്ചിട്ടുള്ളത്. ജില്ലയിൽ ക്യാമറ സ്ഥാപിക്കേണ്ട സ്ഥലങ്ങൾ മോട്ടോർവാഹന വകുപ്പും കെൽട്രോണും ചേർന്ന് പരിശോധിച്ചു കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് ട്രാൻസ്പോർട്ട് കമ്മിഷണർക്ക് കൈമാറിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.

ദേശീയ-സംസ്ഥാന-ജില്ലാ റോഡുകളുടെ ഓരത്ത് വാഹനങ്ങളുടെ ചിത്രം പൂർണമായും വ്യക്തമായും പതിയുംവിധം പ്രധാന സ്ഥലങ്ങളിലാണ് ക്യാമറ സ്ഥാപിക്കുന്നത്. മൊബൈൽഫോൺ ദുരുപയോഗം, അമിതവേഗം, ഹെൽമെറ്റ് ധരിക്കാതിരിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ തടയുകയാണ് ലക്ഷ്യം. കൂടുതൽ ഗതാഗത നിയമലംഘന കേസുകൾ റജിസ്റ്റർചെയ്ത സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തിൽ ഇവ സ്ഥാപിക്കുന്നത്. സേഫ് കേരള മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്മെന്റിനാണ് ഇവയുടെ നിരീക്ഷണച്ചുമതല.

എറണാകുളം കളക്ടറേറ്റിലെ എൻഫോഴ്സ്മെന്റ് കൺട്രോൾ റൂമിൽ തന്നെയായിരിക്കും ഇതിന്റെയും കൺട്രോൾ റൂം. നിലവിൽ, അതിവേഗം പിടികൂടാൻ, കെൽട്രോണിന്റെ സഹായത്തോടെ മോട്ടോർവാഹന വകുപ്പിന്റെ ക്യാമറകളും പോലീസിന്റെ നിരീക്ഷണ ക്യാമറകളും മാത്രമാണുള്ളത്. മൂന്നു മീറ്റർ ഉയരത്തിൽ സ്ഥാപിക്കുന്ന പുതിയ ക്യാമറകൾക്ക് പരമാവധി 50 മീറ്റർ വരെയുള്ള ദൃശ്യങ്ങൾ പകർത്താൻ കഴിയും.

ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവരെ നിർമിതബുദ്ധിയുടെ സഹായത്തോടെ ഈ ക്യാമറകൾ പിടികൂടും. വാഹനങ്ങളുടെ നമ്പർ തിരിച്ചറിയാനുള്ള ഓട്ടോമാറ്റിക് സംവിധാനവും ക്യാമറകളിലുണ്ട്. വാഹനങ്ങളിൽ യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടോ, ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിക്കുന്നുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കണ്ടെത്താനും ഈ ക്യാമറകൾക്കു കഴിയും.

വിദൂരസ്ഥലത്തെ വാഹനങ്ങളെ വ്യക്തമായി കാണാനാവുന്ന സ്ഥലം തിരഞ്ഞെടുത്താണ് സ്ഥാപിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ വാഹനങ്ങളിലെത്തി പരിശോധിക്കുന്നതിന് പറ്റാത്ത സ്ഥിതി ഈ ക്യാമറകൾ വരുന്നതോടെ ഇല്ലാതാവും. ഊടുവഴികളിലൂടെ കടന്ന്, പ്രധാന പാതകളിൽ കയറി പോകുന്ന കടത്തുവാഹനങ്ങളും കണ്ടെത്താനാവും. ക്യാമറ എറണാകുളം കളക്ടറേറ്റിലെ കൺട്രോൾ റൂമിലെ കംപ്യൂട്ടറുകളുമായി ബന്ധിപ്പിച്ചിരിക്കും.

Post a Comment

Previous Post Next Post

Join Whatsapp

Advertisement