ജില്ലാ ആസൂത്രണ സമിതി യോഗം;ജലജീവൻ മിഷൻ പദ്ധതി നടപ്പാക്കാൻ കൂടുതൽ സർക്കാർ സഹായം തേടും


കണ്ണൂർ: തദ്ദേശ സ്ഥാപനങ്ങളിലെ മുഴുവൻ വീടുകളിലും പൈപ്പ് ലൈൻ വഴി കുടിവെള്ളമെത്തിക്കുന്ന ജലജീവൻ മിഷൻ പദ്ധതി നടപ്പാക്കാൻ കൂടുതൽ സർക്കാർ സഹായം തേടാൻ ജില്ലാ ആസൂത്രണ സമിതി യോഗം തീരുമാനിച്ചു. 

തദ്ദേശ സ്ഥാപന വിഹിതവും ഉപഭോക്തൃ വിഹിതവും മാത്രം ചേർന്നാലും ആവശ്യമായ തുക ഇതിന് കണ്ടെത്താനാകില്ലെന്ന് യോഗം വിലയിരുത്തി. അതിനാൽ കൂടുതൽ സർക്കാർ സഹായം തേടാൻ യോഗം തീരുമാനിച്ചു. 

പൈപ്പിടൽ പൂർത്തിയായാൽ അറ്റകുറ്റ പ്രവൃത്തിയുടെ ചുമതല വാട്ടർ അതോറിറ്റിക്ക് നൽകണമെന്ന നിർദേശവും സമിതി മുന്നോട്ട് വെച്ചു.

2022-23 വർഷത്തെ നിർമ്മാണ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് ജൂലൈ മാസത്തിനകം തയ്യാറാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. 

കഴിഞ്ഞ സാമ്പത്തിക വർഷം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ കാർഷിക മേഖലയിൽ 96.6 ശതമാനവും മൃഗസംരക്ഷണത്തിന് 91.99 ശതമാനവും ക്ഷീരമേഖലയിൽ 96.59 ശതമാനവും ഫണ്ട് ഉപയോഗിച്ചിരുന്നു. കൂടുതൽ തുക വിനിയോഗിച്ച തദ്ദേശ സ്ഥാപനങ്ങളെ സമിതി അഭിനന്ദിച്ചു. 

സമ്പൂർണ ജല ശുചിത്വ യജ്ഞം 2022ന്റെ ഭാഗമായി 'തെളിനീരൊഴുകും നവകേരളം' ക്യാമ്പയിൻ ജില്ലയിൽ നടത്തും. ഇതിനായി ഏപ്രിൽ 25നകം മുഴുവൻ വാർഡുകളിലും ശുചിത്വ യോഗം ചേരും.

ഡി പി സി ചെയർപേഴ്‌സനായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. ഡോ. വി ശിവദാസൻ എം പി, മേയർ ടി ഒ മോഹനൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, പ്ലാനിംഗ് ഓഫീസർ കെ പ്രകാശൻ, സമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement