ബഹിരാകാശത്ത് സൗരോർജ പ്ലാന്റ് സ്ഥാപിക്കാനും അവിടെനിന്ന് ഉത്പാദിപ്പിക്കുന്ന ഊർജം ലേസർ സാങ്കേതികത ഉപയോഗിച്ച് ഭൂമിയിലേക്കയക്കാനും യു.കെ. പദ്ധതിയിടുന്നതായി റിപ്പോർട്ട്. 2050-ഓടുകൂടി ഹരിത ഗൃഹവാതകങ്ങളുടെ ബഹിർഗമനം പൂർണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി 2021-ൽ തുടക്കമിട്ട യു.കെ. സ്പേസ് എനർജി ഇനിഷ്യേറ്റീവിന്റെ മേൽനോട്ടത്തിലാണ് ഈ പദ്ധതി ആസൂത്രണം ചെയ്യപ്പെടുന്നത്.
വ്യോമയാന നിർമാണ കമ്പനിയായ എയർബസ് കേബ്രിജ് സർവകലാശാല, ഉപഗ്രഹങ്ങൾ നിർമിക്കുന്ന എസ്എസ്ടിഎൽ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ യുകെയുടെ സ്പേസ് എനർജി ഇനിഷ്യേറ്റീവിന്റെ ഭാഗമാണെന്ന് സ്പേസ്.കോം റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം യു.കെ. സർക്കാർ നിയോഗിച്ച ഫ്രേസർ-നാഷ് കൺസൾട്ടൻസിയുടെ എഞ്ചിനീയറിങ് പഠനത്തെ അടിസ്ഥാനമാക്കിയാണ് സ്പേസ് എനർജി ഇനിഷ്യേറ്റീവ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
സൗരോർജ നിർമാണത്തിന് ഭൂമിയിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകൾ തന്നെ ഈ പദ്ധതിക്ക് വേണ്ടി ഉപയോഗിക്കാനാവും. പദ്ധതിയുടെ വലിപ്പവും സാധ്യതകളുമാണ് വെല്ലുവിളിയായുള്ളതെന്ന് യു.കെ. സ്പേസ് എനർജി ഇനിഷ്യേറ്റീവ് ചെയർമാൻ മാർട്ടിൻ സോൾടോ പറഞ്ഞു. 12 വർഷത്തെ വികസന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. റോബോട്ടുകളാണ് ഈ പ്ലാന്റ് വിന്യസിക്കുക. 2035-ഓടെ വൈദ്യുതി ബഹിരാകാശത്ത് നിന്നും ഭൂമിയിലേക്ക് അയക്കാനാകുമെന്നും സോൾടോ പറഞ്ഞു.
ഈ പദ്ധതിയ്ക്ക് വേണ്ടി ബ്രിട്ടീഷ് എഞ്ചിനീയറിങ് സ്ഥാപനമായ ഇന്റർനാഷണൽ ഇലക്ട്രിക് കമ്പനി കാസിയോപിയ (CASSIOPeia) അഥവാ കോൺസ്റ്റന്റ് അപ്പേർച്ചർ, സോളിഡ് സ്റ്റേറ്റ്, ഇന്റഗ്രേറ്റഡ്, ഓർബിറ്റൽ ഫേസ്ഡ് അരേ എന്നൊരു മാതൃക വികസിപ്പിച്ചിട്ടുണ്ട്. ഈ ആശയം സ്പേസ് എനർജി ഇനിഷ്യേറ്റീവ് പരിശോധിച്ചുവരികയാണ്. പ്ലാന്റ് ഘട്ടം ഘട്ടമായി വലുതാക്കാൻ കഴിയും വിധമാണ് കാസിയോപിയ മാതൃക തയ്യാറാക്കിയിട്ടുള്ളത്.
ഈ പദ്ധതിയ്ക്ക് വേണ്ടി സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പിന് സമാനമായ ഭാരം പേറിയുള്ള 300 റോക്കറ്റ് വിക്ഷേപണങ്ങൾ നടത്തേണ്ടിവരും. 36,000 കിലോ മീറ്റർ ദൂരത്തായുള്ള ഭ്രമണപഥത്തിൽ എപ്പോഴും സൂര്യന് നേരെ വരും വിധത്തിലായിരിക്കും പ്ലാന്റ് സ്ഥിതി ചെയ്യുക.
ഭൂമിയിൽ ഉപയോഗിക്കുന്ന സോളാർ പാനലുകൾക്ക് സമാനമായ വലുതും ഭാരം കുറഞ്ഞതുമായ സോളാർ പാനലാണ് പ്ലാന്റിൽ ഉപയോഗിക്കുക. അവിടെ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഒരു സോളിഡ് സ്റ്റേറ്റ് റേഡിയോ ഫ്രീക്വൻസി ആംപ്ലിഫയർ ഉപയോഗിച്ച് മൈക്രോവേവുകളായി പരിവർത്തനം ചെയ്യുകയും അത് ഭൂമിയിലേക്ക് അയക്കുകയും ചെയ്യും.
ബഹിരാകാശത്ത് നിന്നുള്ള വൈദ്യുതി പിടിച്ചെടുക്കാൻ ഭൂമിയിൽ ഭീമൻ ആന്റിന സ്ഥാപിക്കേണ്ടിവരും. ഇതിനെ റെക്റ്റിന (rectenna) എന്നാണ് വിളിക്കുക. ബഹിരാകാശത്ത് നിന്ന് അയക്കുന്ന മൈക്രോവേവ് റേഡിയേഷൻ റെക്റ്റിന പിടിച്ചെടുക്കുകയും അത് വീണ്ടും വൈദ്യുതോർജമായി മാറ്റുകയും ചെയ്യും. ഈ റേഡിയേഷൻ മൂലം ജനങ്ങൾക്ക് യാതൊരു പ്രശ്നവുണ്ടാവില്ലെന്നും സ്പേസ് എനർജി ഇനിഷ്യേറ്റീവ് അവകാശപ്പെടുന്നു.

إرسال تعليق