കൊച്ചി: തനിക്കെതിരേ ഉയർന്ന വഞ്ചനാക്കേസിൽ പ്രതികരണവുമായി നടൻ ധർമജൻ ബോൾഗാട്ടി. മൂവാറ്റുപുഴ സ്വദേശിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 43 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. എറണാകുളം സെൻട്രൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
ധർമജന്റെ ഉടമസ്ഥതയിലുള്ള മത്സ്യക്കടയുടെ ഫ്രാഞ്ചൈസി നൽകാമെന്ന് വാഗ്ദാനം നൽകിയെന്നും അതിന്റെ പേരിൽ ഗഡുക്കളായി പണം വാങ്ങിയെന്നും പരാതിക്കാരൻ ആരോപിക്കുന്നു. എന്നാൽ വാക്ക് നൽകിയത് പ്രകാരം ധർമജൻ മത്സ്യം എത്തിച്ചില്ലെന്നും ഒടുവിൽ കബളിക്കപ്പെട്ടതായി മനസ്സിലായെന്നും ഇയാൾ പരാതിയിൽ പറയുന്നു.
താൻ ആരെയും വഞ്ചിച്ചിട്ടില്ലെന്നും 43 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെങ്കിൽ അതിനുള്ള മീൻ പരാതിക്കാരന് നൽകിയിട്ടുണ്ടെന്ന് ധർമജൻ പറഞ്ഞു.
താൻ ആരെയും പണംവാങ്ങി വഞ്ചിച്ചിട്ടില്ലെന്ന് നടൻ ധർമജൻ ബോൾഗാട്ടി പറഞ്ഞു. തനിക്കെതിരേയുള്ളത് വ്യാജ പരാതിയാണ്. ഇതുവരെ ഒരാളുടെയെങ്കിലും കൈയിൽനിന്ന് പണം വാങ്ങിയതിന്റെ തെളിവോ ചെക്കോ എന്തെങ്കിലുമുണ്ടെങ്കിൽ തെളിവുസഹിതം കാണിക്കാൻ തയ്യാറാകണം. ഒരുപാട് പേർക്ക് തൊഴിൽനൽകാനായി ആരംഭിച്ച സംരംഭമാണിത്.
ആർക്കും അഞ്ചുരൂപ പോലും താൻ നൽകാനില്ല. 43 ലക്ഷം രൂപ സ്ഥാപനത്തിന് പരാതിക്കാരൻ നൽകിയിട്ടുണ്ടെങ്കിൽ അതിനുള്ള മീൻ പരാതിക്കാരൻ വാങ്ങിയിട്ടുണ്ട്. അതിനുള്ള തെളിവുകൾ കൈവശമുണ്ട്. ധർമൂസ് ഫിഷ് ഹബ്ബിന്റെ പാർട്ണർമാരിൽ 11-ാമത്തെ ആളാണ് ഞാൻ. പക്ഷേ, പരാതിവന്നപ്പോൾ താൻ ഒന്നാം പ്രതിയായതെങ്ങനെയെന്ന് അറിയില്ലെന്നും ധർമജൻ പറഞ്ഞു.

Post a Comment