മലപ്പുറം: ജില്ലയിൽ ഒരിടവേളയ്ക്കുശേഷം ഷിഗെല്ല റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവശ്രദ്ധ പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക മുന്നറിയിപ്പ് നൽകി.
വയറിളക്കരോഗങ്ങളുടെ ഒരു പ്രധാന കാരണമാണ് ഷിഗെല്ല ബാക്ടീരിയ മൂലമുള്ള രോഗബാധ. ഇത് കൂടുതലും കുട്ടികളെയാണ് ബാധിക്കുന്നത്. കുട്ടികളിൽ രോഗം ബാധിച്ചാൽ വളരെ പെട്ടന്ന് നിർജലീകരണമുണ്ടായി അപകടാവസ്ഥയിലാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് പ്രത്യേക ശ്രദ്ധ വേണം.
മലിനജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ് ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് രോഗം പകരുന്നത്. രോഗികളുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർക്കമുണ്ടായാൽ രോഗം എളുപ്പത്തിൽ വ്യാപിക്കും.
ഷിഗെല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഒന്നോ രണ്ടോ ദിവസങ്ങൾക്ക് ശേഷമാണ് ലക്ഷണങ്ങൾ കണ്ടുവരുന്നത്. ഒരാഴ്ചവരെ സമയമെടുത്താണ് അപകടകരമായ രീതിയിൽ ബാക്ടീരിയ പെരുകുന്നത്. അതുകൊണ്ട് ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾതന്നെ ചികിത്സ തേടണമെന്ന് ഡി.എം.ഒ. നിർദേശിച്ചു.
ലക്ഷണങ്ങൾ
വയറിളക്കം, രക്തവും പഴുപ്പും കലർന്ന മലം, അടിവയറ്റിലെ വേദന, പനി, ഛർദ്ദി, നിർജലീകരണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ഷിഗെല്ല ബാക്ടീരിയ ബാധിച്ചാലും ചില കുട്ടികളിൽ ലക്ഷണങ്ങൾ കാണില്ല.
പക്ഷേ, അവരുടെ മലത്തിലൂടെ ബാക്ടീരിയ പുറത്തുവരുന്നതിനാൽ രോഗം മറ്റുള്ളവർക്ക് പകരാൻ സാധ്യതയുണ്ട്. കൃത്യസമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ രോഗം തലച്ചോറിനെയും വൃക്കയെയും ബാധിച്ച് മരണംവരെ സംഭവിക്കാം.
സുരക്ഷാ പരിശോധന നടത്തും
ഐസ്, ഐസ്‌ക്രീം, സിപ്പ് അപ്പ് മുതലായവ ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന വെള്ളം ശുദ്ധവും സുരക്ഷിതവുമാണെന്ന് ഉറപ്പുവരുത്താൻ പരിശോധനകൾ നടത്താൻ നിർദേശം നൽകിയതായി ഡി.എം.ഒ. അറിയിച്ചു. നിയമലംഘനമുണ്ടായാൽ ശക്തമായ നിയമനടപടി സ്വീകരിക്കും. ഭക്ഷണപാനീയങ്ങൾ വിൽക്കുന്നതും നിർമിക്കുന്നതുമായ സ്ഥാപനങ്ങളിൽ കർശന പരിശോധന നടത്താൻ ഭക്ഷ്യസുരക്ഷാവകുപ്പിനും നിർദേശം നൽകി.

Post a Comment