ചെറുവത്തൂരിലെ ഭക്ഷ്യവിഷബാധ: സ്ഥാപനം പ്രവർത്തിച്ചത് ലൈസൻസില്ലാതെ




ചെറുവത്തൂർ : ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ ഷവർമ വില്പന നടത്തിയ സ്ഥാപനത്തിന് ഭക്ഷ്യസുരക്ഷാ ലൈസൻസില്ല. ചെറുവത്തൂർ ടൗണിലെ ഐഡിയൽ ഫുഡ്‌പോയിന്റാണ് വർഷങ്ങളായി ലൈൻസില്ലാതെ, ഷവർമ ഉൾപ്പെടെ വിൽക്കുന്നത്. ചന്തേരയിലെ പി.പി.കുഞ്ഞഹമ്മദാണ് ഉടമസ്ഥൻ. ചെറുവത്തൂർ പിലാവളപ്പിൽ അനക്സ് (40) ആണ് സ്ഥാപനം നടത്തുന്നത്. സംഭവത്തെത്തുടർന്ന് ചന്തേര പോലീസ് നടത്തിയ പരിശോധനയിലാണ് ഷവർമ വിൽക്കാൻ ലൈസൻസിനായി അപേക്ഷ നൽകിയതേയുള്ളൂവെന്ന് തെളിഞ്ഞത്. സംഭവത്തിൽ ബോധപൂർവമല്ലാത്ത നരഹത്യക്ക്‌ അനക്സ്, ഷവർമയുണ്ടാക്കിയ നേപ്പാൾ സ്വദേശി സന്ദേശ് (30) എന്നിവർക്കെതിരെ കേസെടുത്തു.

ചെറുവത്തൂർ, പിലിക്കോട്, കയ്യൂർ-ചീമേനി, കരിവെള്ളൂർ പഞ്ചായത്തുകളിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികൾക്കാണ്‌ ഭക്ഷ്യവിഷബാധയേറ്റത്‌. വിവരമറിഞ്ഞതോടെ രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും ചെറുവത്തൂരിലെ ആരോഗ്യകേന്ദ്രത്തിലേക്ക് എത്തിത്തുടങ്ങി. തൃക്കരിപ്പൂർ താലൂക്കാസ്പത്രി മെഡിക്കൽ ഓഫീസർ ഡോ. വി.സുരേശൻ, ചെറുവത്തൂർ ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഡി.ജി.രമേഷ് എന്നിവർ ചികിത്സയ്ക്ക്‌ നേതൃത്വം നൽകി.


Post a Comment

أحدث أقدم

Join Whatsapp

Advertisement