നമ്മുടെ മാതൃഗാലക്സിയായ ആകാശഗംഗ അഥവ ക്ഷീരപഥത്തിന്റെ കേന്ദ്രത്തിലെ അതിഭീമൻ തമോഗർത്തത്തിന്റെ ചിത്രം പകർത്തി ഗവേഷകർ. സജിറ്റാരിയസ്* (Sagittarius A*) എന്ന തമോഗർത്തത്തിന്റെ ചിത്രമാണ്, അത്യാധുനിക റേഡിയോ ടെലസ്കോപ്പ് സംവിധാനമുപയോഗിച്ച് പകർത്തുതിൽ വിജയിച്ചത്.
സൂര്യനെ അപേക്ഷിച്ച് 40 ലക്ഷം മടങ്ങ് ദ്രവ്യമാനം (പിണ്ഡം) ഉള്ള സജിറ്റാരിയസ്* തമോഗർത്തത്തിന്റെ ചിത്രം പകർത്തുക വഴി, ക്ഷീരപഥത്തിലെ ഒരു നിഗൂഢതയ്ക്ക് അറുതിവരുത്താൻ ജ്യോതിശാസ്ത്രജ്ഞർക്ക് കഴിഞ്ഞു. 'ഭൂമിയോളം വലിപ്പമുള്ള ടെലസ്കോപ്പ് സംവിധാന'മെ് വിശേഷിപ്പിക്കപ്പെടുന്ന 'ഇവന്റ് ഹൊറൈസൺ ടെലസ്കോപ്പ്' (EHT) ശൃംഖലയാണ് ഗവേഷകർ ഉപയോഗിച്ചത്.
നമ്മുടെ ഗാലക്സി ഒരു ഭീമൻ തമോഗർത്തത്തിന് ചുറ്റുമായി കറങ്ങുന്ന കാര്യം മുമ്പ് തന്നെ ശാസ്ത്രലോകത്തിന് അറിവുള്ളതാണ്. പരോക്ഷനിരീക്ഷണ സംവിധാനങ്ങൾ വഴി സജിറ്റാരിയസ്* എന്ന ആ തമോഗർത്തത്തിന്റെ സാന്നിധ്യം അറിയാനും കഴിഞ്ഞിരുന്നു. ഇപ്പോഴാണ് അതിന്റെയൊരു ഫോട്ടോഷൂട്ട് സാധ്യമാകുന്നത്.
ക്ഷീരപഥത്തിന് മധ്യേ വലിയ സ്വാധീനം ചെലുത്തുന്ന സജിറ്റാരിയസ്* കണ്ടുപിടിച്ചതിന് റീൻഹാർഡ് ഗെൻസൽ, ആൻഡ്രിയ ഘെസ് എിവർക്ക് 2020 ൽ ഭൗതികശാസ്ത്ര നൊബേൽ ലഭിച്ചിരുന്നു. ആ നൊബേൽ പ്രഖ്യാപനത്തിൽ തമോഗർത്തം എന്ന് പരാമർശിച്ചിരുന്നില്ല. അത്തരം സംശയങ്ങൾക്ക് ഇനി പ്രസക്തിയില്ലെന്ന് പുതിയ കണ്ടെത്തൽ വ്യക്തമാക്കുന്നു.
ഇ.എച്ച്.റ്റി. സംഘം ഇത് ആദ്യമായല്ല ഒരു തമോഗർത്തത്തിന്റെ ചിത്രം പകർത്തുന്നത്. എം87* (M87*) എ ഭീമൻ തമോഗർത്തത്തിന്റെ ചിത്രം പകർത്തി ഇതിനകം ഇ.എച്ച്.റ്റി. കൂട്ടായ്മ ശാസ്ത്രരംഗത്ത് പ്രകമ്പനം സൃഷ്ടിച്ചിരുന്നു. 2019 ഏപ്രിൽ 10 നാണ്, ആ തമോഗർത്ത ചിത്രം പുറത്തു വന്നത്. ഈ കൂട്ടായ്മ പുറത്തുവിടുന്ന രണ്ടാമത്തെ തമോഗർത്തചിത്രമാണ് സജിറ്റാറിയസ്* ന്റേത്.
ഭൂമിയിൽ നിന്ന് 5.3 കോടി പ്രകാശവർഷമകലെ മെസ്സിയർ 87 (M87, Messier 87) എന്ന ഗാലക്സിയിലാണ് എം87* ന്റെ സ്ഥാനം. എന്നാൽ ക്ഷീരപഥത്തിന്റെ മധ്യേയുള്ള സജിറ്റാരിയസ്* തമോഗർത്തം താരതമ്യേന അടുത്താണ്, ഏകദേശം 26,000 പ്രകാശവർഷം അകലെ. ഈ രണ്ട് തമോഗർത്തങ്ങളും തമ്മിൽ കാഴ്ചയിൽ ഒരുപോലെയാണ്. എങ്കിലും എം87* തമോഗർത്തത്തേക്കാൾ ആയിരം മടങ്ങ് ചെറുതാണ് സജിറ്റേറിയസ് എ*.
വ്യത്യസ്ത വലിപ്പത്തിലുള്ള രണ്ട് തമോഗർത്തങ്ങളുടെ ചിത്രങ്ങൾ ലഭിച്ചതിൽ ജ്യോതിശാസ്ത്രലോകം ഏറെ ആവേശത്തിലാണ്. അവയെ താരതമ്യം ചെയ്യാനും വൈരുദ്ധ്യങ്ങൾ പഠിക്കാനും ഇത് അവസരം ഒരുക്കും. ഭീമാകാരമായ തമോഗർത്തങ്ങൾക്ക് ചുറ്റുമുള്ള വാതകം എങ്ങനെ നീങ്ങുന്നു എന്നതിനെ കുറിച്ചുള്ള സിദ്ധാന്തങ്ങളും മാതൃകകളും പരീക്ഷിക്കാൻ ഈ വിവരങ്ങൾ സഹായിക്കും.
2012 ജനുവരിയിൽ ഔദ്യോഗികമായി നിലവിൽ വന്ന റേഡിയോ ടെലസ്കോപ്പ് സംവിധാനമാണ് ഇ.എച്ച്.റ്റി. അഞ്ചുവർഷം കഴിഞ്ഞപ്പോൾ 200 നക്ഷത്രഭൗതിക ശാസ്ത്രജ്ഞരും, ഭൂമിയുടെ വിവിധ ഭാഗങ്ങളിലായി പരസ്പരം ബന്ധിപ്പിച്ച് പ്രവർത്തിക്കുന്ന എട്ട് റേഡിയോ നിരീക്ഷണകേന്ദ്രങ്ങളും ഉൾപ്പെട്ട ഒന്നായി അത് മാറി.
വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ഹാവായ്, യൂറോപ്പ്, അന്റാർട്ടിക്ക എന്നിവിടങ്ങളിലെ റേഡിയോ ടെലസ്കോപ്പുകൾ ഒറ്റ ടെലസ്കോപ്പ് പോലെ സജിറ്റാരിയസ്* നെ നിരീക്ഷിച്ചു. 2017 ഏപ്രിലിൽ 10 ദിവസങ്ങളിലായി 65 മണിക്കൂർ നീണ്ട നിരീക്ഷണം വഴി ശേഖരിച്ച ഡേറ്റ വർഷങ്ങളോളം വിശകലനം ചെയ്താണ്, നമ്മുടെ ഗാലക്സിയിലെ തമോഗർത്തത്തിന്റെ ദൃശ്യം കണ്ടെത്തിയത്.

إرسال تعليق