എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമെത്തി; തൃക്കാക്കരയില്‍ പ്രചാരണം സജീവമാക്കാന്‍ മുന്നണികള്‍



തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെക്കൂടി പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് കളം ഇന്ന് മുതല്‍ സജീവമാകും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ് ഇന്ന് മണ്ഡലത്തിലെ പ്രമുഖരെ കണ്ട് പിന്തുണ തേടും. യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് വീട് കയറി വോട്ട് തേടുന്നത് തുടരുകയാണ്.

ഇന്ന് മുതല്‍ തൃക്കാക്കരയുടെ രാഷ്ട്രീയം കൂടുതല്‍ സജീവമാകും. മുക്കിലും മൂലയിലും രാഷ്ട്രീയ ചര്‍ച്ചകളുയരും. മതിലുകളും ചുവരുകളും സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി വോട്ട് ചോദിക്കും. പ്രചാരണത്തിന്റെ ആദ്യ ദിനം മണ്ഡലത്തിലെ പ്രമുഖരെ സന്ദര്‍ശിക്കാനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ് കൂടുതല്‍ സമയം വിനിയോഗിക്കുക. മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളെയും സാമുദായിക നേതാക്കളെയും കണ്ട് പിന്തുണ തേടും. പ്രചരണ രംഗത്ത് രണ്ട് ദിവസം മുന്നോട്ട് പോയ യുഡിഎഫ് സ്ഥാനാര്‍ഥിക്കൊപ്പം ആദ്യ ദിനം തന്നെ ഓടിയെത്താനുള്ള പരിശ്രമത്തിലാണ് എല്‍ഡിഎഫ്.
യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ് വീട് കയറിയുള്ള പ്രചാരണം തുടരുകയാണ്. എതിര്‍ സ്ഥാനാര്‍ഥിയെക്കൂടി പ്രഖ്യാപിച്ചതോടെ യുഡിഎഫിന്റെ പ്രചാരണത്തിനും വേഗതയേറും. പടമുകള്‍ ജുമാ മസ്ജിദ്, തൃക്കാക്കര ഈസ്റ്റ്, തൃക്കാക്കര സെന്‍ട്രല്‍ എന്നിവിടങ്ങളിലാണ് ഇന്ന് ഉമ തോമസിന്റെ പ്രചാരണം. യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ക്കും ഇന്ന് മുതല്‍ തുടക്കമാകും. വരു ദിവസങ്ങളില്‍ ഇരു മുന്നണികളുടെയും പ്രമുഖ നേതാക്കള്‍ ജില്ലയില്‍ ക്യാമ്പ് ചെയ്ത് പ്രചാരണത്തില്‍ സജീവമാകും. വികസന ചര്‍ച്ചകളും ആരോപണ പ്രത്യാരോപണങ്ങളുമായി ശക്തമായ രാഷ്ട്രീയ പോരാട്ടത്തിലേക്ക് തൃക്കാക്കര കടക്കുകയാണ്.

Post a Comment

أحدث أقدم

Join Whatsapp

Advertisement