കാസർഗോഡ് നാല് കുട്ടികൾക്ക് ഷിഗല്ല; രോഗം സ്ഥിരീകരിച്ചത് ഷവർമ ഭക്ഷ്യവിഷബാധയേറ്റ കുട്ടികളിൽ



കാഞ്ഞങ്ങാട്: കാസർഗോഡ് ജില്ലയിൽ നാല് കുട്ടികൾക്ക് ഷിഗല്ല രോഗം സ്ഥീരീകരിച്ചു. ഷവർമ ഭക്ഷ്യവിഷബാധയേറ്റ കുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടികൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആരുടെയും നില ഗുരുതരമല്ല.

ചെറുവത്തൂരിലെ കൂൾബാറിൽ നിന്നും കുട്ടികൾ കഴിച്ച ഷവർമയിൽ ഭക്ഷ്യ വിഷബാധക്ക് കാരണം ഷിഗല്ല ബാക്റ്റീരിയയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാംദാസ് എ വി അറിയിച്ചു. ഭക്ഷ്യ വിഷബാധയെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയവരുടെ രക്തം, മലം എന്നിവ പരിശോധിച്ചതിൽ നിന്നാണ് ഷിഗല്ലയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച് വിദ്യാർത്ഥിനി മരിക്കുകയും നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. വൃത്തിഹീനമായ സാഹചര്യത്തിലാണ് കൂൾബാറിൽ ഷവർമ്മ നിർമ്മിച്ചിരുന്നത് എന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കൂൾബാർ മാനേജറെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

ഷിഗല്ലയുടെ ലക്ഷണങ്ങൾ

വയറിളക്കം, പനി, വയറുവേദന, ഛർദി, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ . രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. ഇതിനാൽ മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. എല്ലാ ഷി​ഗല്ല രോഗികൾക്കും രോഗലക്ഷങ്ങൾ കാണണമെന്നില്ല. ഷിഗല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് മൂന്നു ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുക.

സ്വീകരിക്കേണ്ട മുൻകരുതൽ

1.തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക,

2.ഭക്ഷണത്തിന് മുമ്പും മലവിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക.

3.തുറസായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം ചെയ്യാതിരിക്കുക.

4.കുഞ്ഞുങ്ങളുടെ ഡയപ്പറുകള്‍ ശരിയായ വിധം സംസ്‌കരിക്കുക.

5.രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ആഹാരം പാകം ചെയ്യാതിരിക്കുക.

6.പഴകിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക.

7.വെള്ളവും ഭക്ഷണവും ഇളം ചൂടോടുകൂടി കഴിക്കുക.

8. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശരിയായ രീതിയില്‍ മൂടിവെക്കുക.. 

9.വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടുത്താതിരിക്കുക.

10.കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക.

11.വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഇടപഴകാതിരിക്കുക.

12.രോഗിയുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക.

13.പഴങ്ങളും പച്ചക്കറികളും കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക.

14.രോഗ ലക്ഷണങ്ങൾ ഉള്ളവർ ഓ ആർ എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം എന്നിവ കഴിക്കുക.

15.കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യുക


Post a Comment

Previous Post Next Post

Join Whatsapp

Advertisement