കാങ്കോൽ: കാങ്കോൽ പാനോത്തെ മടത്തിൽവീട്ടിൽ സജേഷിന്റെ വീട്ടിലെ 11 മാസം പ്രായമായ പശുക്കിടാവ് പാൽ ചുരത്തുന്നു. 15 ദിവസമായി പശുക്കിടാവിനെ കറക്കുന്നതായി എം.വി.സജേഷ് പറഞ്ഞു. ആദ്യ ആഴ്ച മൂന്നുലിറ്റർ പാലാണ് കിട്ടിയത്. പിന്നീട് അഞ്ചരലിറ്ററായി വർധിച്ചു. കാങ്കോൽ പാൽസൊസൈറ്റിയിൽ പാൽ പരിശോധിച്ചപ്പോൾ 8.8 ശതമാനം കൊഴുപ്പും 8.5 എസ്.എൻ.എഫുമുള്ളതായി കണ്ടു. എരുമപ്പാലിന്റെ ഗുണമുണ്ട്.
2021 ജൂലായിലാണ് ജേഴ്സി ഇനത്തിലുള്ള പശുവിനെയും കിടാവിനെയും വാങ്ങിയത്. പശു അകിട് വീക്കവും അസുഖവും കാരണം ചത്തു. പിന്നീട് പശുക്കിടാവിനെ മുത്താറിയും നിലക്കടലയും കാലിത്തീറ്റയും കൊടുത്താണ് വളർത്തിയത്. 15 ദിവസം മുൻപാണ് പശുക്കിടാവിന്റെ അകിട് വീങ്ങിയതായി കണ്ടത്. കറന്നപ്പോൾ പാൽ കിട്ടി. ആധുനികരീതിയിലാണ് പശുക്കളെ വളർത്തുന്നത്. പുല്ല് കൊടുക്കുന്നത് കുറവാണ്. പ്രസവിക്കാത്ത പശു പാൽ ചുരത്തുന്നത് കാണാൻ ദൂരസ്ഥലത്തുനിന്നും ആളുകൾ എത്തുന്നുണ്ട്.
കർഷകനായ സജേഷ് ആട്, മുട്ടക്കോഴി, എരുമ എന്നിവയെയും വളർത്തുന്നുണ്ട്. അമ്മ എം.വി.പദ്മാവതി, ഭാര്യ കെ.വി.സുജിത, മക്കളായ ശിവദ, ശിവദർശ് എന്നിവരും കാലി വളർത്താനും കൃഷിയിലും സഹായവുമായുണ്ട്.
പശുക്കിടാവ് ഇത്രയും പാൽ ചുരത്തുന്നത് അപൂർവ സംഭവമാണ്. ഹോർമോൺ വ്യതിയാനമാകാം കാരണം. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ കൂടുതൽ ശാസ്ത്രീയപഠനം ആവശ്യമാണെന്ന് ഓലയമ്പാടി വെറ്ററിനറി സർജൻ ഡോ. കെ.സി.അർജുൻ പറഞ്ഞു.

إرسال تعليق