അപവാദ പ്രചരണങ്ങളിലൂടെ സിപിഐ എമ്മിനെ തകർക്കാനുള്ള ശ്രമങ്ങൾ തള്ളിക്കളയണം; പയ്യന്നൂർ ഏരിയ കമ്മിറ്റി പ്രസ്താവന



പയ്യന്നൂർ: സിപിഐ എമ്മിനെതിരായി ചില മാധ്യമങ്ങൾ തുടർച്ചയായി നടത്തുന്ന അപവാദ പ്രചരണങ്ങൾ പാർട്ടിയെ തകർക്കാനുള്ള ഹീനമായ നീക്കമാണെന്നും പാർട്ടിയെ സ്‌നേഹിക്കുന്ന ബഹുജനങ്ങൾ അവ അവജ്ഞയോടെ തള്ളിക്കളയണമെന്നും സിപിഐ എം പയ്യന്നൂർ ഏരിയ കമ്മിറ്റി പ്രസ്‌താവനയിൽ അറിയിച്ചു. യോഗത്തിൽ കെ രാഘവൻ അധ്യക്ഷനായി. ജില്ല സെക്രട്ടറി എം വി ജയരാജൻ, ജില്ല സെക്രട്ടറിയറ്റംഗം ടി ഐ മധുസൂദനൻ, ജില്ല കമ്മിറ്റിയംഗങ്ങളായ സി കൃഷ്‌ണൻ, വി നാരായണൻ, അഡ്വ. പി സന്തോഷ്, ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്‌ണൻ എന്നിവർ പങ്കെടുത്തു.
നിരവധി പോരാട്ടങ്ങളിലൂടെയും രക്തസാക്ഷിത്വങ്ങളിലൂടെയും വളർന്നു വന്ന പാർട്ടിയാണ് പയ്യൂന്നൂർ ഏരിയയിലെ സിപിഐ എം. ജനങ്ങളാണ് പാർട്ടിയുടെ കരുത്ത്. ജനങ്ങളുടെ വിശ്വാസമാർജിച്ചു കൊണ്ടാണ് പാർട്ടി വളർന്നത്. മർദ്ദനങ്ങളിലൂടെ തകർക്കാൻ കഴിയാത്ത പാർട്ടിയെ അപവാദ പ്രചരണങ്ങളിലൂടെ തകർക്കാൻ കഴിയുമെന്ന് കരുതുന്നവർ ചരിത്രം തിരിച്ചറിയാത്തവരാണ്. സംഘടന പ്രശ്‌നങ്ങൾ ഉയർന്നു വരുമ്പോൾ സംഘടന തത്വങ്ങളെ അടിസ്ഥാനമാക്കി മേൽകമ്മിറ്റികളുടെ മാർഗ നിർദ്ദേശങ്ങൾക്ക് വിധേയമായി കൂട്ടായ ചർച്ചകളിലൂടെ പരിഹരിക്കുന്ന രീതിയാണ് സ്വീകരിക്കാറുള്ളത്. ബൂർഷ്വ പാർട്ടികൾക്കൊന്നുമില്ലാത്ത ഈ സവിശേഷത കണക്കിലെടുക്കാതെ ശത്രുക്കൾക്ക് വേണ്ടി പ്രചാര വേല നടത്തുകയാണ് ചില മാധ്യമങ്ങൾ ചെയ്യുന്നത്. അത് മാധ്യമ ധർമ്മമല്ല. സിപിഐ എം തകരണമെന്നുള്ള രാഷ്‌ട്രീയ കളിയാണ് ഇതിന് പിറകിൽ.

കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കും വർഗീയതക്കുമെതിരെ പോരാട്ടം സംഘടിപ്പിക്കാനും എൽഡിഎഫ് സർക്കാരിന്റെ വികസന - ക്ഷേമ പ്രവർത്തനങ്ങൾക്ക് പിന്നിൽ അണിനിരത്താനും വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് സിപിഐ എം നടത്തിക്കൊണ്ടിരിക്കുന്നത്. അതിനെ ദുർബലപ്പെടുത്തുന്ന നീക്കങ്ങളെ തിരിച്ചറിയാനും അപവാദ പ്രചരണങ്ങളെ തള്ളിക്കളയാനും പാർട്ടി ബന്ധുമിത്രാദികളോടും ജനങ്ങളോടും ഏരിയ കമ്മിറ്റി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

Post a Comment

أحدث أقدم

Join Whatsapp

Advertisement