തലശേരി–-മാഹി ബൈപാസ്‌ പ്രവൃത്തി നവംബർ 30നകം പൂർത്തിയാക്കാൻ ധാരണ



തലശേരി–-മാഹി ബൈപാസ്‌ പ്രവൃത്തി നവംബർ 30നകം പൂർത്തിയാക്കാൻ ധാരണ. സ്‌പീക്കർ എ എൻ ഷംസീറിന്റെ സാന്നിധ്യത്തിൽ പ്രവൃത്തി അവലോകനം ചെയ്‌തശേഷമാണ്‌ മൂന്നുമാസത്തിനകം തീർക്കാൻ നിർദേശിച്ചത്‌. മാഹി റെയിൽവേ മേൽപാലം നിർമാണം നടക്കുന്ന സ്ഥലം സ്‌പീക്കറും എൻഎച്ച്‌എഐ ഉന്നത ഉദ്യോഗസ്ഥരും സന്ദർശിച്ചു. ദേശീയപാത അതോറിറ്റി പ്രൊജക്ട്‌ ഡയറക്ടർ അഷിതോഷ്‌, പ്രൊജക്ട്‌ കൺസൾട്ടന്റ്‌ നായിഡു, മറ്റു ദേശീയപാത ഉദ്യോഗസ്ഥർ, കരാറുകാരായ ഇകെകെ ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡ്‌ ഉദ്യോഗസ്ഥർ എന്നിവരും പ്രവൃത്തി അവലോകനത്തിൽ പങ്കെടുത്തു.
അഴിയൂരിൽ റെയിൽവേ മേൽപാലത്തിന്റെയും നെട്ടൂർ ബാലത്തിൽ പാലത്തിന്റെ നീളം വർധിപ്പിക്കലുമാണ്‌ ബൈപാസിൽ ഇനി ബാക്കി. അഴിയൂരിൽ റെയിൽവേ മേൽപാലത്തിനുള്ള ഗൾഡറുകൾ യോജിപ്പിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. മാഹി റെയിൽവേ സ്‌റ്റേഷൻ അഴിയൂർ വില്ലേജ്‌ ഓഫീസ്‌ റോഡ്‌ 60 ദിവസത്തേക്ക്‌ അടച്ചാണ്‌ പ്രവൃത്തി. 150 മീറ്റർ നീളത്തിൽ റെയിൽവേ മേൽപ്പാലം നിർമിക്കാൻ 42 ഗർഡറുകളാണ്‌ വേണ്ടത്‌. ഇതിൽ ഏഴെണ്ണം സ്ഥലത്തെത്തിച്ചു. ഏഴെണ്ണംകൂടി ഈ ആഴ്‌ച എത്തും. ചെന്നൈ ആർക്കോണത്തെ റെയിൽവേ യാഡിൽനിന്ന്‌ പ്രത്യേക ട്രെയിലറിൽ റോഡ്‌ മാർഗമാണ്‌ ഗർഡറുകൾ എത്തിച്ചത്‌.
മേൽപ്പാലത്തിലെ തൂണിന്റെയും ബീമിന്റെയും നിർമാണം നേരത്തെ പൂർത്തിയായതാണ്‌. ഗർഡറുകൾ സ്ഥാപിക്കുമ്പോൾ ഇതുവഴിയുള്ള ട്രെയിൻ ഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരും. ഏപ്രിൽ 30ന്‌ ഗർഡറുകൾ സ്ഥാപിക്കാൻ നേരത്തെ തീരുമാനിച്ചതാണ്‌. എന്നാൽ നിശ്‌ചയിച്ച തീയതിയിൽ ഗർഡർ എത്തിയില്ല. നെട്ടൂർ ബാലത്തിൽ പാലത്തിന്റെ നീളം കൂട്ടുന്നതിനുള്ള ജോലിയും പുരോഗമിക്കുകയാണ്‌. നിലവിലുള്ള പാലത്തോട്‌ ചേർന്ന്‌ 200മീറ്ററാണ്‌ നീട്ടുന്നത്‌. 900 മീറ്റർ പാലം നേരത്തെ പൂർത്തിയായിരുന്നു. പിന്നീട്‌ 70 മീറ്റർകൂടി നീട്ടി. എൻഎച്ച്എഐ അനുമതി വൈകിയതാണ്‌ ബാലത്തിലെ പ്രവൃത്തിയെ ബാധിച്ചത്‌. നിർമാണം പൂർത്തിയാകുമ്പോൾ ബൈപാസിലെ നീളമേറിയ പാലമാവും ഇത്‌.

Post a Comment

Previous Post Next Post

Join Whatsapp

Advertisement