"ഇഎംഐ ഭാരം' കുറയും; ചട്ടക്കൂടൊരുക്കാന്‍ ആര്‍ബിഐ


മുംബൈ: വായ്പാ പലിശനിരക്കുകള്‍ പുനക്രമീകരിക്കുന്നത് സംബന്ധിച്ച് സുതാര്യമായ ചട്ടക്കൂട് നിര്‍മിക്കാനുള്ള ആര്‍ബിഐ നീക്കം ഭവന-വാഹന വായ്പകളെ ആശ്രയിക്കുന്ന രാജ്യത്തെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ആശ്വാസമാകും.

നിലവില്‍ ഫ്‌ളോട്ടിംഗ് പലിശ നിരക്ക് ബാധകമായിട്ടുളള വായ്പകളുടെ പ്രതിമാസ തിരിച്ചടവ് തുകയില്‍ (ഇഎംഐ) ഇത് പ്രതിഫലിക്കുന്നതോടെ ബാങ്കുകളുടെ വായ്പാ വിതരണ തോതിലും വര്‍ധനയുണ്ടായേക്കും. വിപണിയിലെ സ്ഥിതി അനുസരിച്ച് മാറ്റം വരുന്നതാണ് ഫ്‌ളോട്ടിംഗ് പലിശ നിരക്ക് എന്നത്. പുതിയ ചട്ടക്കൂട് വരുന്നതോടെ ഫ്‌ളോട്ടിംഗ് പലിശ നിരക്കില്‍ നിന്നും സ്ഥിര പലിശ നിരക്കിലേക്ക് മാറുന്നതിനും അവസരമൊരുങ്ങും. ഇത് ആളുകളുടെ പലിശഭാരം കുറയ്ക്കുന്നതിന് സഹായിക്കും.

പലിശയിലെ മാറ്റം സംബന്ധിച്ച് ധനകാര്യസ്ഥാപനവും വായ്പ എടുത്തയാളും തമ്മിലുള്ള കൃത്യമായ ആശയവിനിമയം, സ്ഥിര പലിശ നിരക്കിലേക്ക് മാറാനുള്ള അവസരം, വായ്പാ കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് ക്ലോസ് ചെയ്യാനുള്ള സൗകര്യം എന്നീ കാര്യങ്ങളില്‍ വ്യക്തതയുണ്ടാക്കാനുള്ള നീക്കത്തിലാണ് ആര്‍ബിഐ.

കഴിഞ്ഞ രണ്ട് ദിവസമായി നടന്നുവന്ന ആര്‍ബിഐ പണനയസമിതി യോഗത്തിലെടുത്ത തീരുമാനങ്ങള്‍ വിശദമാക്കവേയാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസ് ഇക്കാര്യങ്ങളും പ്രഖ്യാപിച്ചത്.

റിപ്പോ നിരക്ക് നിലവിലുളള 6.50 ശതമാനത്തില്‍ നിന്നും ഉയര്‍ത്തില്ലെന്നും രാജ്യത്തെ പണലഭ്യത നിയന്ത്രിക്കുന്നതിനുളള മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി 6.75 ശതമാനത്തില്‍ തന്നെ തുടരുമെന്നും അദ്ദേഹം ഇന്ന് വ്യക്തമാക്കിയിരുന്നു.

റിപ്പോ നിരക്ക് വര്‍ധിപ്പിക്കുന്നില്ലെങ്കിലും സാഹചര്യമനുസരിച്ച് തക്കതായ നടപടികള്‍ എടുക്കാനുള്ള തയാറെടുപ്പോടെയാണ് മുന്നോട്ട് നീങ്ങുന്നതെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്ത് പണപ്പെരുപ്പ ഭീതി നിലനില്‍ക്കുന്നതിനാല്‍ റിപ്പോ നിരക്ക് വര്‍ധിച്ചേക്കില്ലെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നിരക്ക് ഉയര്‍ത്താത്ത തുടര്‍ച്ചയായ മൂന്നാം പണനയ സമിതി യോഗമാണിത്.

ഈ വര്‍ഷം ഫെബ്രുവരി മുതല്‍ റിപ്പോ നിരക്ക് 6.5 ശതമാനമാണ്. ഇതിന് തൊട്ടുമുന്‍പ് ഇത് 6.25 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം മേയ് മാസം മുതല്‍ ഇതുവരെ റിപ്പോ നിരക്കില്‍ 250 ബേസിസ് പോയിന്‍റിന്‍റെ വര്‍ധനയാണ് ആര്‍ബിഐ വരുത്തിയത്.

ജൂണില്‍ രാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് 4.81 ശതമാനമായിരുന്നു. രണ്ട് ശതമാനം മുതല്‍ ആറ് ശതമാനം വരെയാണ് ആര്‍ബിഐയുടെ സഹനപരിധി.

Post a Comment

أحدث أقدم

Join Whatsapp

Advertisement