അപകീർത്തി കേസ്; രാഹുലിന്റെ അപ്പീൽ സൂറത്ത് സെഷൻസ് കോടതി ഇന്ന് പരി​ഗണിക്കും


ദില്ലി: മോദി പരാമർശത്തിന്‍റെ പേരിൽ തനിക്കെതിരായ അപകീർത്തിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ സൂറത്ത് സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കുറ്റക്കാരനെന്ന മജിസ്ട്രേറ്റ് കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് അപ്പീലുമായി രാഹുൽ സെഷൻസ് കോടതിയിൽ എത്തുന്നത്. വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്‍റെ അപ്പീൽ നേരത്തെ തള്ളിയ ജഡ്ജി ആർപി മൊഗേരയുടെ ബെഞ്ചാണ് ഹ‍ർജി പരിഗണിക്കുക.

സുപ്രീം കോടതി ചൂണ്ടിക്കാട്ടിയ 3 കാര്യങ്ങളാണ് രാഹുലിന് ഏറ്റവും അനുകൂലമായത്. ആദ്യം മുതലെ ഏറ്റവും പ്രധാനമായി സുപ്രീം കോടതി ചോദിച്ച ചോദ്യം ഈ കേസിൽ പരമാവധി ശിക്ഷ നൽകിയത് എന്തിനാണെന്നതായിരുന്നു. പരാമവധി ശിക്ഷ നൽകിയത് എന്തിനാണെന്ന് വ്യക്തമാക്കുന്നതിൽ സെഷൻസ് ജഡ്ജിക്ക് കഴിഞ്ഞില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജനപ്രതിനിധി എന്ന ഘടകം കണക്കിലെടുത്തില്ല എന്നതാണ് സുപ്രീം കോടതി മൂന്നാമതായി ചൂണ്ടിക്കാട്ടിയ കാര്യം.

എന്തുകൊണ്ട് പരമാവധി ശിക്ഷ നൽകിയെന്ന് വിചാരണക്കോടതി വിശദീകരിക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി ചൂണ്ടികാട്ടി. ഒരു വർഷവും 11 മാസവും ശിക്ഷിച്ചാൽ പോലും രാഹുൽ ഗാന്ധി അയോഗ്യനാവില്ലായിരുന്നു എന്നതും സുപ്രീം കോടതി ചൂണ്ടികാട്ടി. മണ്ഡലം ഒഴിഞ്ഞ് കിടക്കുന്നത് ജനങ്ങളുടെ അവകാശത്തെ ബാധിക്കില്ലേയെന്നും കോടതി ചോദിച്ച ശേഷം പരമാവധി ശിക്ഷയെന്ന കീഴ്ക്കോടതി വിധി സ്റ്റേ ചെയ്തതായി സുപ്രീം കോടതി അറിയിക്കുകയായിരുന്നു

അതേസമയം രാഹുൽ ഗാന്ധിക്കെതിരെ 2 കാര്യങ്ങളിൽ വിമർശനവും സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായി. രാഹുൽ ഗാന്ധിയുടെ വാക്കുകൾ നല്ല അഭിരുചിയുള്ളതല്ലെന്നതായിരുന്നു ഒരു വിമർശനം. പൊതുജീവിതത്തിലുള്ള ഒരാൾ പൊതുപ്രസംഗങ്ങൾ നടത്തുമ്പോൾ കൂടുതൽ ശ്രദ്ധാലുവായിരിക്കണമെന്നും കോടതി നിരീക്ഷിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement