ഇരിട്ടിയുടെ നഗര ഹൃദയം എന്ന് പറയാവുന്ന പ്രദേശമാണ് പുതിയ ബസ് സ്റ്റാന്റിന്റെയും പഴയ ബസ് സ്റ്റാന്റിന്റെയും ഇടയിൽ കിടക്കുന്ന പഴശ്ശി പദ്ധതിയുടെ ഭാഗമായ പ്രദേശങ്ങൾ. അൽപ്പം വികസിപ്പിച്ചാൽ ഇരിട്ടിയുടെ ആകർഷണീയമായ മുഖമാക്കി ഈ പ്രദേശത്തെ മാറ്റാൻ കഴിയും. എന്നാൽ ആരാലും ശ്രദ്ധിക്കാതെ ഈ പ്രദേശം ഇരിട്ടിയുടെ കുപ്പത്തൊട്ടിയായി മാറ്റപ്പെടുകയായിരുന്നു. നഗരത്തിലെ മിക്ക സ്ഥാപനങ്ങളിലെയും പാഴ്‌വസ്തുക്കൾ അടക്കമുള്ള മാലിന്യങ്ങൾ വലിച്ചെറിയുന്ന പ്രദേശമായി ഇവിടം മാറി. വിവിധ പരിതസ്ഥിതി സംഘടനകൾ അടക്കമുള്ളവരിൽ നിന്നും ഇതിനെതിരേ ശബ്ദമുയരാൻ തുടങ്ങിയതോടെ അധികൃതരുടെ ശ്രദ്ധയും ഇവിടേയ്ക്ക് തിരിഞ്ഞു തുടങ്ങി.
ഇതിനു പരിഹാരമെന്ന നിലയിൽ മുൻപ് ഈ പ്രദേശം ഉൾപ്പെടുത്തി ഒരു ബൈപ്പാസ് റോഡ് നിർമ്മിക്കാനുളള ശ്രമമുണ്ടായെങ്കിലും പഴശ്ശി പദ്ധതി അധികൃതർ എത്തി ഈ ശ്രമം തടഞ്ഞു. മാലിന്യങ്ങൾ നീക്കുംതോറും വീണ്ടും വീണ്ടും മാലിന്യം കുമിഞ്ഞു കൂടുന്ന പ്രദേശമായി ഇവിടം മാറിക്കൊണ്ടിരുന്നു. ഇതിന് പരിഹാരമായാണ് ഇരിട്ടി നഗരസഭ ഇപ്പോൾ മുന്നോട്ടു വന്നിരിക്കുന്നത്.
പ്രദേശത്ത് മാലിന്യം വലിച്ചെറിയുന്നത് തടയാൻ നഗരസഭയുടെ നേതൃത്വത്തിൽ ഫെൻസിംങ്ങ് സ്ഥാപിക്കുന്നതിനുള്ള ശ്രമമാണ് ആരംഭിച്ചിരിക്കുന്നത്. 20 ലക്ഷം രൂപ വകയിരുത്തി 240 മീറ്ററിലാണ് വേലി നിർമ്മിക്കുകയെന്ന് നഗരസഭാ അധികൃതർ പറഞ്ഞു. നഗരസഭാ വൈസ്.ചെയർമാൻ പി.പി. ഉസ്മാൻ , സെക്രട്ടറി രാഗേഷ് പലേരി വീട്ടിൽ, പൊതുമാരമത്ത് സ്റ്റാന്റിംങ്ങ് കമ്മിററി ചെയർമാൻ കെ. സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തി. ചൊവ്വാഴ്ച്ച ജലസേചന വിഭാഗവും പരിശോധന നടത്തി വേലി സ്ഥാപിക്കേണ്ട ഭാഗം നിശ്ചയിക്കും. പയഞ്ചേരിയിലേക്ക് ബൈപ്പാസ് റോഡും, തെരുവു കച്ചവടവും, പൂച്ചെടികളും മറ്റും വെച്ചുപിടിപ്പിച്ച് വത്കരണം കൂടി നടത്തുന്നതോടെ ഇവിടങ്ങളിൽ മാലിന്യം തള്ളുന്നതിന് ശമനമുണ്ടാകുമെന്നാണ് അധികൃതർ കരുതുന്നത്.

إرسال تعليق