സിപിഎമ്മുകാരനെ ജയിലിനുള്ളിൽ വെച്ച് കൊലപ്പെടുത്തിയ കേസ്: ബിജെപി പ്രവർത്തകരെ വെറുതെ വിട്ടു



കണ്ണൂർ സെൻട്രൽ ജയിലിൽ സിപിഐഎം പ്രവർത്തകൻ കക്കട്ടിലെ അമ്പലക്കുളങ്ങര കെ പി രവീന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി പ്രവർത്തകരെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. പ്രതികളായ പവിത്രൻ പൊയിലൂർ, ഫൽഗുനൻ തൃശൂർ, കെ പി രഘു പാനൂർ, സനൽപ്രസാദ് കോഴിക്കോട്, പി കെ ദിനേശൻ കൂത്തുപറമ്പ്, കൊട്ടക്ക ശശി പാനൂർ, അനിൽ കുമാർ കൂത്തുപറമ്പ്, സുനിൽ കുമാർ പൊയിലൂർ, അശോകൻ കോഴിക്കോട് എന്നിവരെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. തലശേരി ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചതിനെ തുടർന്ന് പ്രതികൾ ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണിച്ചാണ് വിധി. വെറുതെ വിട്ട പ്രതികളിൽ പവിത്രൻ, അനിൽകുമാർ എന്നിവർ മരണപ്പെട്ടിരുന്നു.
2004 ഏപ്രിൽ ആറിനാണ് സിപിഐഎം പ്രവർത്തകനായ കെ പി രവീന്ദ്രനെ ആർ.എസ്.എസ്.-ബി.ജെ.പിപ്രവർത്തകർ ചേർന്ന് കൊലപ്പെടുത്തിയതെന്ന പ്രോസിക്യൂഷൻ വാദമാണ് ഹൈക്കോടതി തള്ളിയത്. പ്രതികൾക്കു വേണ്ടി അഭിഭാഷകരായ വിജയ ഭാനു, എസ്.രാജീവ്, അർജുൻ ശ്രീധർ എന്നിവർ ഹാജരായി.

Post a Comment

أحدث أقدم

Join Whatsapp

Advertisement