കാസർകോട്ടെ റാണിപുരം വിനോദസഞ്ചാരകേന്ദ്രത്തിൽ പ്രവേശന ടിക്കറ്റിന് ജൂലായ് ഒന്നുമുതൽ യു.പി.ഐ. ഇടപാട് മാത്രമാക്കാൻ വനംവകുപ്പിന് സർക്കാർ നിർദേശം നൽകി. മൊബൈൽഫോൺ കവറേജ് പോലുമില്ലാത്ത റാണിപുരത്ത് ഇത് എങ്ങനെ സാധ്യമാകുമെന്ന ചോദ്യം ഉയർന്നിട്ടുണ്ട്.
നിലവിൽ യു.പി.ഐ. ഇടപാടിനായി കൗണ്ടറിൽ എത്തുന്ന സഞ്ചാരികൾക്ക് ജീവനക്കാരുടെ വൈഫൈ പാസ്വേഡ് നൽകുകയാണ് ചെയ്യുന്നത്. കൂടുതൽ സഞ്ചാരികൾ ഇത്തരത്തിലെത്തുന്നത് ജീവനക്കാർക്കും ദുരിതമാകുന്നുണ്ട്.
എല്ലാ ജീവനക്കാർക്കും യു.പി.ഐ. ഇടപാടിനെക്കുറിച്ച് ധാരണയില്ലാത്തതും പ്രശ്നമാണ്. ടിക്കറ്റ് കൗണ്ടർ പരിസരത്ത് പൊതുവായ ഇന്റർനെറ്റ്-വൈഫൈ സൗകര്യം ഉണ്ടെങ്കിൽ സഞ്ചാരികൾക്കും ഗുണകരമാകും. നിലവിൽ വാഹനം നിർത്തിയിടാൻ വനസംരക്ഷണ സമിതിയാണ് സൗകര്യമൊരുക്കുന്നത്. അതിനുള്ള തുകയും വനത്തിനകത്തേക്ക് പ്ലാസ്റ്റിക് കൊണ്ടുപോകുന്നത് നിയന്ത്രിക്കാൻ സഞ്ചാരികൾക്ക് തിരിച്ചുനൽകുംവിധം വാങ്ങിവയ്ക്കുന്ന തുകയും വനം വകുപ്പിന്റെ ടിക്കറ്റ് കൗണ്ടർ വഴിയാണ് ശേഖരിക്കുന്നത്.
പ്രവേശന ടിക്കറ്റിന് യു.പി.ഐ. ഇടപാടാക്കിയാൽ ഇവ രണ്ടും ശേഖരിക്കാൻ വേറെ സൗകര്യമൊരുക്കേണ്ടി വരും. സഞ്ചാരികളുടെ എണ്ണത്തിൽ വർധനവുണ്ടായതോടെ വരവുചെലവ് കണക്കുകൾ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് ടിക്കറ്റ് കൗണ്ടറിന്റെ പ്രവർത്തനം യു.പി.ഐ. ഇടപാടിലേക്ക് മാറ്റാൻ നിർദേശിച്ചതെന്നാണ് വിവരം. എന്നാൽ റാണിപുരത്തിന്റെ സാഹചര്യം കണക്കിലെടുത്ത് സൗകര്യങ്ങൾ ഒരുക്കുന്നതുവരെ നിലവിലെ സ്ഥിതി തുടരണമെന്ന് ആവശ്യപ്പെട്ട് മേലധികാരികൾക്ക് കത്ത് നൽകിയതായി പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി. സേസപ്പ അറിയിച്ചു.
إرسال تعليق