ആറളം ഫാമിലെ റബർമരങ്ങൾക്ക് നേരെ കാട്ടാനക്കൂട്ടത്തിന്റെ അക്രമം. മരങ്ങളുടെ തൊലിയുരിഞ്ഞാണ് ആനകൾ മരങ്ങൾ നശിപ്പിക്കുന്നത്. ഇങ്ങിനെ ആയിരത്തിലധികം റബർമരങ്ങളുടെ തൊലിയാണ് ആനക്കൂട്ടം നശിപ്പിച്ചത്. ഇതോടെ ഫാമിൽ അവശേഷിക്കുന്ന ഏക വരുമാന മാർഗ്ഗമായ റബ്ബറും നശിപ്പിക്കപ്പെടുന്നതോടെ ആറളം കാർഷിക ഫാം അടച്ചുപൂട്ടേണ്ട അവസ്ഥയിലേക്കാണ് നീങ്ങുന്നത്.
ഫാമിന്റെ പ്രധാന വരുമാന മാർഗ്ഗങ്ങളായ കാർഷിക വിളകൾ ഒന്നൊന്നായി ആനക്കൂട്ടങ്ങൾ നശിപ്പിച്ചു കൊണ്ടിരിക്കയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇവിടുത്തെ അത്യുത്പാദന ശേഷിയുള്ള 5000ത്തോളം തെങ്ങുകൾ ആനക്കൂട്ടം കുത്തി വീഴ്ത്തി നശിപ്പിച്ചു കഴിഞ്ഞു. കൂടാതെ കമുങ്ങും, കൊക്കോയും, കുരുമുളകുമെല്ലാം ഫാമിൽ നിന്നും ഇല്ലാതായി. ഏക്കർ കണക്കിന് കശുമാവും വ്യാപകമായി നശിപ്പിക്കപ്പെട്ടു. എന്നാൽ ഇതിനിടയിൽ റബറിന് കാര്യമായ ഭീഷണി അനക്കൂട്ടം ഉണ്ടാക്കിയിരുന്നില്ല. റബർ മരത്തിന്റെ കടയ്ക്കൽ കൊമ്പുകൊണ്ട് കുത്തിയും കടിച്ചും തൊലി അടിവശത്തുനിന്നും മുകളിലോട്ട് പൊളിച്ചാണ് നശിപ്പിക്കുന്നത്. തൊലി ചെത്തിയാണ് പാൽ ശേഖരിക്കുന്നത് എന്നതുകൊണ്ടുതന്നെ തൊലി ഇല്ലാതാകുന്നതോടെ റബർ വെറും പാഴ്മരമായി മാറുകയും ഉണങ്ങി നശിക്കുകയും ചെയ്യും.
ഫാമിന്റെ മറ്റ് ബ്ലോക്കുകളിലെ കൃഷിയിടങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് അടുത്തിടെ തൂക്കു വേലി സ്ഥാപിച്ചിരുന്നു. കൃഷിയിടത്തിൽ നിന്നുള്ള ആനകളെ മുഴുവൻ തുരത്തിയതിന് ശേഷമായിരുന്നു വേലി ചാർജ്ജ് ചെയ്ത് പരിപാലിക്കാൻ തുടങ്ങിയത്. ഇതോടെ ആനകൾക്ക് പ്രധാന ഭക്ഷണം ലഭിക്കുന്ന മേഖലകളിലേക്ക് പ്രവേശിക്കാൻ കഴിയാതെയായി. എന്നാൽ റബറിന് ആന ഭീഷണിയാകുന്നില്ലെന്ന് കരുതി വേലി സ്ഥാപിച്ചിരുന്നില്ല. ബ്ലോക്ക് ഏഴിലെ റബർ മേഖലയിലാണ് ഇപ്പോൾ ആനകൾ തമ്പടിക്കുന്നത് .
304ഹെക്ടർ ആണ് ഫാമിലെ റബർ പ്ലാന്റേഷൻ ഏരിയ. ഇതിൽ ഇപ്പോൾ 200ഹെക്ടറോളം മാത്രമെ ചെറുതും ഉത്പ്പാദനവുമുള്ള റബർ മരങ്ങൾ ഉള്ളു. മൂന്ന് വർഷം മുൻമ്പ് ഉത്പ്പാദനം തുടങ്ങിയ 18000ത്തോളം വരുന്ന റബർത്തോട്ടത്തിലാണ് ആനക്കൂട്ടമെത്തി മരങ്ങളുടെ തൊലിയുരിച്ച് നശിപ്പിക്കുന്നത്. കാട് മൂടികിടക്കുന്നതാണ് ആനശല്യം രൂക്ഷമാക്കാനിടയാക്കുന്നത് .

إرسال تعليق