അയ്യൻകുന്ന് പാറയ്ക്കാമലയിൽ വൻ മണ്ണിടിച്ചിൽ ക്രഷറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കൂട്ടിയിട്ട മണ്ണാണ് ഇടിഞ്ഞു വീണത് രണ്ടേക്കറിലേറെ കൃഷി നശിച്ചു, അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു




ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിലെ പാറയ്ക്കാമലയിൽ ഉരുൾപൊട്ടലിന് സമാനമായ മണ്ണിടിച്ചിൽ .
പാറയ്ക്കാമലയിൽ ക്രഷറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കൂട്ടിയിട്ട ലോഡ് കണക്കിന് വരുന്ന മണ്ണാണ് ഇടിഞ്ഞു വീണത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ആയിരുന്നു സംഭവം . ക്രഷറിന്റെ തന്നെ ഉടമസ്ഥതയിലുള്ള രണ്ടേക്കർ സ്ഥലത്തേക്കാണ് മണ്ണ് മുഴുവൻ പതിച്ചത്. രണ്ട് ഏക്കർ വരുന്ന കൃഷിയിടം പൂർണ്ണമായും നശിച്ചു.
സമീപത്തെ കുറുപ്പും പറമ്പിൽ ജോസഫിന്റെ പറമ്പിലും നാശനഷ്ടമുണ്ടായി. ഉരുൾപൊട്ടലിൽ മുടിക്കയം - പാറക്കമല - വാണിയപ്പാറ റോഡിന്റെ ഒരു ഭാഗം തകർന്നു. റോഡിന് മുകൾ ഭാഗത്തെ ക്രഷറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കൂട്ടിയിട്ടിരുന്ന മണ്ണ് കരിങ്കൽക്കെട്ടുകൾ തകർത്ത്‌ താഴേക്ക് പതിക്കുകയായിരുന്നു. ചെങ്കുത്തായ മല ചെരുവിലൂടെ മുന്നൂറു മീറ്റർ താഴേക്ക് വാണിയപ്പാറ പുഴയിലേക്കാണ് ഉരുൾ പതിച്ചത്. നിരവധി ഇലക്ട്രിക് പോസ്റ്റുകൾ തകർന്നതോടെ ഈ മേഖലയിലെ വൈദ്യുതിബന്ധം താറുമാറായിരിക്കുകയാണ്. പ്രദേശത്ത് മഴ ഇപ്പോഴും തുടരുന്നതിനാൽ അപകടസാധ്യത കണക്കിലെടുത്ത് താഴ്ഭാഗത്തെ അഞ്ച് കുടുംബങ്ങളെ സമീപത്തെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. ജോസ് കുളമറ്റത്തിൽ, സുലോചന, കരോട്ട് ജോയി വാളിമലയിൽ ,ബേബി എണ്ണശേരിയിൽ എന്നിവരുടെ കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്.  
പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ , വാർഡ് അംഗം ബിജോയി പ്ലാത്തോട്ടം , സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ ഐസക് ജോസഫ്, സീമ സനോജ് , സെലീന ബിജോയി , ബ്ലോക്ക് പഞ്ചായത്ത് അംഗം മേരി റെജി , തഹസീൽദാർ വി.എസ്. ലാലി മോൾ ,ഡപ്യൂട്ടി തഹസീൽദാർ സിജോയി പോൾ , വില്ലേജ് ഓഫീർ കെ. ജിജു , കരിക്കോട്ടക്കരി സി ഐ കെ.ജെ. വിനോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉൾപ്പടെ സ്ഥലത്തെത്തി . ജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ക്രഷറിന്റെ സ്ഥലത്ത് കൂട്ടിയിട്ട മണ്ണാണ് ഇടിഞ്ഞു വീണതെന്നും താഴ്ഭാഗത്തുള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പഞ്ചായത്ത് പ്രസിഡൻറ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ അറിയിച്ചു .

Post a Comment

أحدث أقدم

Join Whatsapp

Advertisement