കണ്ണൂര്‍ - കോഴിക്കോട് റൂട്ടില്‍ ബസ് തൊഴിലാളികളുടെ സമരം പിൻവലിച്ചു



വടകര : മൂന്നു ദിവസമായി കണ്ണൂർ - കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ നടത്തിവന്ന സമരം ഒത്തുതീർപ്പായി. കെ. കെ രമ എം.എല്‍.എയുമായി തൊഴിലാളികള്‍ നടത്തിയ ചർച്ചയിലാണ് സമരം പിൻവലിച്ചത്.

ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ഈ റൂട്ടില്‍ വെള്ളക്കെട്ടും കുഴികളുമാണ്. ഇത് പരിഹരിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. ഇക്കാര്യത്തില്‍ ദേശീയപാത അതോറിറ്റി റീജിയണല്‍ ഓഫിസറുമായി എം.എല്‍.എ നടത്തിയ ചർച്ചയില്‍ പാതയിലെ വലിയ കുഴികള്‍ രണ്ടു ദിവസത്തിനകം അടച്ച്‌ ഗതാഗത യോഗ്യമാക്കാമെന്ന് ഉറപ്പു നല്‍കി.

കൂടാതെ വടകര -പെരുവാട്ടും താഴ ജംഗ്ഷനില്‍ പഴയ സ്റ്റാൻഡിലേക്കുള്ള റോഡിലേക്ക് യു ടേണ്‍ എടുക്കുന്ന സ്ഥലത്തുണ്ടാകുന്ന ഗതാഗത തടസം ഒഴിവാക്കാൻ പാലത്തിന് അടിയിലൂടെ വഴിയൊരുക്കാനുള്ള നടപടികള്‍ പരിശോധിച്ച്‌ സ്വീകരിക്കും.
പയ്യോളിയില്‍ പണി പൂർത്തിയായ പാതയില്‍ രണ്ടു വശത്തേക്കുമുള്ള ഗതാഗതം നടപ്പിലാക്കുന്ന കാര്യവും പരിശോധിക്കും.

ഇപ്പോള്‍ സർവീസ് റോഡ് വഴിയുള്ള യാത്ര വലിയ ഗതാഗത കുരുക്കിന് ഇടയാക്കുന്നുണ്ട്. ദേശീയപാതയിലെ വെള്ളക്കെട്ട് അടക്കമുള്ള വിഷയങ്ങളില്‍ അടിയന്തിരമായി പരിഹാരം കാണുമെന്നും ദേശിയ പാത അതോറിറ്റി അറിയിച്ചു. സമരം തുടങ്ങിയ ഘട്ടത്തില്‍ തന്നെ വിഷയം ചർച്ച ചെയ്തു പരിഹരിക്കാൻ എം.എല്‍.എ മുൻകൈ എടുത്തിരുന്നു.

നേരത്തെ ആർ.ഡി.ഒ ഓഫീസില്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും, ബന്ധപ്പട്ട വകുപ്പ് തല ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗം ഇത് സംബന്ധിച്ചു എം. എല്‍. എ വിളിച്ചു ചേർത്തിരുന്നു. കഴിഞ്ഞയാഴ്ച ഈ വിഷയം എം.എല്‍.എ നിയമസഭയിലും അവതരിപ്പിച്ചിരുന്നു. വകുപ്പുതലത്തിലുള്ള ഇടപെടലുകളും വേഗത്തിലാക്കുമെന്ന് തൊഴിലാളി സംഘടനപ്രതിനിധികളെ എം.എല്‍.എ അറിയിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement