ജില്ലാ മെഡിക്കൽ ഓഫീസർ ഡോ പീയൂഷ് എം നമ്പൂതിരിപ്പാടിന്റെ നിർദ്ദേശപ്രകാരം ജില്ലയിൽ ലോക കൊതുക് നിവാരണ ദിനം ആചരിച്ചു.
കൊതുകുകൾ ആണ് മനുഷ്യർക്കിടയിൽ മലേറിയ പകര്‍ത്തുന്നതു എന്ന് ബ്രിട്ടീഷ് ശ്രാസ്ത്രജ്ഞന്‍ ഡോ സർ റൊണാൾഡ് റോസ് 1897 ൽ കണ്ടെത്തിയതിന്റെ സ്മരണയ്ക്കായാണ് ഈ ദിനാചരണം. കൊതുക് ജന്യ രോഗങ്ങളെ പറ്റി ജനങ്ങള്‍ക്കിടയില്‍ അവബോധം വര്‍ദ്ധിപ്പിക്കുക, കൊതുകുവഴി പകരുന്ന രോഗങ്ങള്‍ക്കെതിരെ പോരാടുവാന്‍ സമൂഹത്തെ സജ്ജമാക്കുക, കൊതുക് നിയന്ത്രണ നിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുക എന്നിവയാണ് ഈ ദിനാചാരണത്തിന്റെ ലക്‌ഷ്യം.
‘കൂടുതൽ സമത്വ ലോകത്തിനായി മലേറിയക്ക് എതിരായ പോരാട്ടം ത്വരിതപ്പെടുത്തുന്നു’എന്ന സന്ദേശത്തോടെ ഈ വർഷത്തെ കൊതുകുദിനാചരണം.
ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ തോട്ടട എസ് എന്‍ കോളേജില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച പ്രശ്നോത്തരി ഡെപ്യൂട്ടി ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ സച്ചിന്‍ കെ സി ഉദ്ഘാടനം ചെയ്തു. ജില്ല വെക്ടര്‍ ബോണ്‍ ഡിസീസ് കണ്ട്രോള്‍ ഓഫീസര്‍ ഡോ ഷിനി കെ കെ പ്രശ്നോത്തരി നയിച്ചു.
രണ്ടാം വര്‍ഷ സൂവോളജി പി ജി വിദ്യാര്‍ഥികള്‍ ആയ അനശ്വര മധു, ഫാതിമത് സന എ പി എന്നിവര്‍ ഒന്നാം സ്ഥാനം നേടി. നിഹാര എം പ്രശാന്ത്, തീര്‍ഥ എസ്, അമേഘ ശ്രീകാന്ത്, ആദിത്യ ദാസ് കെ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ജില്ലയില്‍ കൊതുകുജന്യരോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ഡെങ്കിപ്പനി, മലേറിയ, മന്ത്, ചികുന്‍ ഗുനിയ, ജപ്പാൻ ജ്വരം, വെസ്റ്റ് നൈൽ ഫീവർ, സിക്ക തുടങ്ങിയവ ഒക്കെ തന്നെ കൊതുക് പരത്തുന്ന രോഗങ്ങളാണ്. ഈ രോഗങ്ങൾ മിക്കതും മാരകമാകാൻ സാധ്യതയുള്ളതും മരണകാരണം ആയേക്കാവുന്നതുമാണ്. കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള ആബാലവൃദ്ധം ജനങ്ങളെയും ഈ രോഗങ്ങള്‍ ബാധിക്കുന്നുണ്ട്.
കൊതുക് വളരുന്ന സാഹചര്യങ്ങൾ നമ്മുടെ ചുറ്റുപാടിൽ ഇല്ലാതാക്കുക എന്നുള്ളതാണ് കൊതുക് ജന്യ രോഗങ്ങള്‍ക്ക് എതിരെയുള്ള പ്രധാനപ്പെട്ട പ്രതിരോധ മാർഗം.
നമ്മുടെ ചുറ്റുപാടും ഉള്ള ചെറിയ ചെറിയ വെള്ളക്കെട്ടുകൾ ആയ ചിരട്ട, മുട്ടത്തോട്, വിറകുകൾ മൂടിവയ്ക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്, അലക്ഷ്യമായി വലിച്ചെറിയുന്ന ബോട്ടിലുകൾ എന്നിവിടങ്ങളിലെയും വീടുകൾക്ക് അകത്തുള്ള മണി പ്ലാൻറ് തുടങ്ങിയ ഇൻഡോർ ചെടികളിലെയും ഫ്രിഡ്ജിന്റെ ട്രേ തുടങ്ങിയയിൽ കെട്ടിക്കിടക്കുന്നതുമായ വെള്ളം മുതല്‍ ഓടകള്‍, കെട്ടി കിടക്കുന്ന ജലാശയങ്ങള്‍, നിര്‍മാണ മേഖലയിലെ വെള്ളക്കെട്ടുകള്‍, പാടങ്ങള്‍ എന്നിവിടങ്ങളില്‍ എല്ലാം തന്നെ കൊതുകുകള്‍ മുട്ടയിട്ടു വളരാം. കൊതുക് മുട്ടയിട്ടു കഴിഞ്ഞാൽ 7 മുതൽ 10 ദിവസം വരെ കൊണ്ട് ലാർവ വിരിഞ്ഞ് പുതിയ കൊതുകുകൾ പുറത്തുവരും. വീടുകളിലെയും മറ്റു പരിസരങ്ങളിലും ഇത്തരത്തിലുള്ള ചെറിയ വെള്ളക്കെട്ടുകൾ മഴക്ക് ശേഷം നീക്കം ചെയ്യുകയും അതിനു അകത്ത് കൊതുക് വളരുന്നില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. ഇത്തരത്തിൽ ഉള്ള ഉറവിട നശീകരണം ആഴ്ച തോറും കൃത്യമായി നടത്തുന്നതിനായി ആഴ്ച്ചയിൽ ഒന്നു വീതം ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കണം.
ഡ്രൈ ഡേ ആചരിക്കേണ്ടത്
- വിദ്യാഭ്യാസ സ്ഥാപനങ്ങൾ - വെള്ളിയാഴ്ച
- ഓഫീസ് , കടകൾ മറ്റു സ്ഥാപനങ്ങൾ - ശനിയാഴ്ച
- വീടുകളിൽ - ഞായറാഴ്ച

إرسال تعليق