കണ്ണൂർ: ശിവപുരത്ത് ജ്യേഷ്ഠനെയും ഭാര്യയെയും സഹോദരിയെയും യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. ശിവപുരം-വെമ്പടി റോഡിലെ അഫ്നിത മൻസിലിൽ വി.അജ്മൽ (31), ഭാര്യ കെ.തൻസീറ (25), സഹോദരി വി.അഫ്നിത (25) എന്നിവരെയാണ് സമീപം താമസിക്കുന്ന സഹോദരൻ അസ്‌ലം വെട്ടിപ്പരിക്കേൽപ്പിച്ചത്. അജ്മലിനെയും തൻസീറയെയും അക്രമിക്കുന്നതിനിടെ തടയാൻ ശ്രമിച്ചപ്പോഴാണ് അഫ്നിതയ്ക്ക് വെട്ടേറ്റത്. ഇവരെ മട്ടന്നൂരിലെ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകിയ ശേഷം കണ്ണൂർ ചാലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അജ്മലിന്റെ വീടിന് സമീപം താമസിക്കുന്ന സഹോദരൻ അസ്ലമിനെതിരെ മാലൂർ പോലീസിൽ പരാതി നൽകി.
തിങ്കളാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. അസ്ലമിന്റെയും അജ്മലിന്റെയും വീട്ടുകാർ തമ്മിൽ ഏറെനാളായി പിണക്കത്തിലായിരുന്നു. തിങ്കളാഴ്ച രാവിലെ സഹോദരൻ അസ്ലമിന്റെ രണ്ടുവയസ്സുള്ള കുഞ്ഞ് അജ്മലിന്റെ വീട്ടിലെത്തിയിരുന്നു. തൻസീറ കുഞ്ഞിനെ എടുക്കുകയും ചെയ്തു. ഇതേച്ചൊല്ലിയുണ്ടായ വാക്തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് പറയുന്നു. ഗുരുതരമായി പരിക്കേറ്റ തൻസീറയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി.സംഭവമറിഞ്ഞ് മാലൂർ പോലീസ് സബ് ഇൻസ്പെക്ടർ കെ.കെ.ശശീന്ദ്രൻ, എ.എസ്.ഐ. ശശിധരൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Post a Comment