ഇരിട്ടി: പായത്ത് ടാപ്പിംഗ് പ്രവർത്തിക്കിടെ പുലിയെ കണ്ടതായി ടാപ്പിംഗ് തൊഴിലാളി. പായത്തെ എം. രാമചന്ദ്രനാണ് കെ. ബാലന്റെ ഉടമസ്ഥതയിലുള്ള റബ്ബർ തോട്ടത്തിൽ ടാപ്പിംഗ് ചെയ്യുന്നതിനിടയിൽ ചൊവ്വാഴ്ച പുലർച്ചെ 5.30 തോടെ പുലിയെ കണ്ടതായി പറഞ്ഞത്. ടോർച്ചിന്റെ വെട്ടത്തിൽ രാമചന്ദ്രൻ പുലിയെ കണ്ടതോടെ പേടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നെ നേരം വെളുത്തപ്പോഴാണ് തിരിച്ചുവന്ന് ബാക്കി മരങ്ങൾ ടാപ്പ് ചെയ്തത്. കഴിഞ്ഞ ദിവസവും ഇതിന് തൊട്ടടുത്ത സ്ഥലത്ത് നിന്നും മറ്റൊരു ടാപ്പിംഗ് തൊഴിലാളിയും പുലിയെ കണ്ടിരുന്നു. വിവരം അറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി. കൃഷ്ണശ്രീ, രാജേഷ് ഈഡൻ, വനംവകുപ്പ് ജീവനക്കാരായ രാജേന്ദ്രൻ, അഭിജിത്ത് എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി. കരിയില വീണു കിടക്കുന്ന റബ്ബർ തോട്ടം ആയതിനാൽ വന്യജീവിയുടെ കാൽപ്പാടൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. എന്നിരുന്നാലും പ്രദേശത്തുള്ളവരോട് ജാഗ്രത പുലർത്താൻ ഇവർ നിർദ്ദേശം നൽകിയിട്ടുണ്ട്.
إرسال تعليق