കീഴല്ലൂർ പഞ്ചായത്തിലെ വെള്ളിയാംപറമ്പിൽ ഇരുപതിലധികം ചാക്കുകളിലായി അമ്പതിനായിരത്തിലേറെ കാലാവധി കഴിയാത്ത ഗർഭനിരോധന ഉറകളും, ലൂബ്രിക്കൻ്റ് പാക്കറ്റുകളും, ലൈംഗിക രോഗ നിർണ്ണയ കിറ്റുകളും തള്ളിയതിന് കണ്ണൂർ ആസ്ഥാനമായുള്ള കമ്യൂണിറ്റി തല സംഘടനയായ സ്നേഹതീരത്തിന് തദ്ദേശ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് 5000 രൂപ പിഴ ചുമത്തി. രണ്ടാഴ്ച മുൻപാണ് കാലാവധി കഴിയാത്ത ഉപയോഗ യോഗ്യമായ ഗർഭനിരോധന ഉറകളും, ടെസ്റ്റിങ്ങ് കിറ്റുകളും വൻതോതിൽ വെള്ളിയാം പറമ്പിൽ തള്ളിയതായി ചാനലുകളിൽ ഉൾപ്പടെ വാർത്തകൾ വന്നത്.
വിവിധ തലങ്ങളിൽ പരിശോധനകൾ നടന്നെങ്കിലും ആരാണ് ഈ കൃത്യം നടത്തിയത് എന്നതിനെ സംബന്ധിച്ച് സൂചനകൾ ഒന്നും ലഭിക്കുകയുണ്ടായില്ല.
ചൊവ്വാഴ്ച ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പ്രത്യേക പരിശോധനയിലാണ് വ്യക്തമായ തെളിവുകൾ കണ്ടെത്തി മാലിന്യം തള്ളിയവരെ തിരിച്ചറിഞ്ഞത്.
കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സുരക്ഷ എം എസ് എം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 1300 ഓളം വരുന്ന കമ്മ്യൂണിറ്റി അംഗങ്ങൾക്ക് എച്ച് ഐ വി പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിതരണം ചെയ്യേണ്ടിയിരുന്ന പതിനായിരക്കണക്കിന് ഉറകളും ,ലൂബ്രിക്കൻ്റ് സാഷേകളും , പരിശോധന കിറ്റുകളുമാണ് പല തവണയായി വെള്ളിയാംപറമ്പിൽ തള്ളിയത്. മാലിന്യം വീണ്ടടുത്ത് ബയോമെഡിക്കൽ മാലിന്യ സംസ്കരണ ഏജൻസിയായ ഇമേജിന് കൈമാറാനുള്ള നടപടികൾ സ്വീകരിക്കാനും അതിന് ചെലവാകുന്ന തുക ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കാനും ജില്ലാ സ്ക്വാഡ് കീഴല്ലൂർ ഗ്രാമ പഞ്ചായത്തിന് നിർദ്ദേശം നൽകി. പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ എം ലജി, ശരീക്കുൽ അൻസാർ, ഹെൽത്ത് ഇൻസ്പെക്ടർ ദിജിൽ എ എൻ എന്നിവർ പങ്കെടുത്തു.
إرسال تعليق