സുപ്രീംകോടതിയുടെ 52-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആര്‍ ഗവായ് നാളെ ചുമതലയേല്‍ക്കും



സുപ്രീംകോടതിയുടെ 52-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആര്‍ ഗവായ് നാളെ ചുമതലയേല്‍ക്കും. ദളിത് വിഭാഗത്തില്‍ നിന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ വ്യക്തിയാണ് മഹാരാഷ്ട്ര അമരാവതി സ്വദേശിയായ ബി ആര്‍ ഗവായ്. മുന്‍ കേരളാ ഗവര്‍ണറായിരുന്ന ആര്‍ എസ് ഗവായിയുടെ മകനാണ് ബി ആര്‍ ഗവായ്. ബുള്‍ഡോസര്‍ രാജിനെതിരായ വിധി, ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന വിധി തുടങ്ങി നിരവധി സുപ്രധാനമായ വിധിന്യായങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ജസ്റ്റിസ് ഭൂഷണന്‍ രാമകൃഷ്ണ ഗവായ് എന്ന ബി ആര്‍ ഗവായ്.

ജസ്റ്റിസ് കെ ജി ബാലകൃഷ്ണനുശേഷം ദളിത് വിഭാഗത്തില്‍ നിന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ വ്യക്തിയാണ് ഗവായ്. 1960 നവംബര്‍ 24-ന് മഹാരാഷ്ട്രയിലെ അമരാവതിയിലാണ് ബി ആര്‍ ഗവായ് ജനിച്ചത്. കേരളത്തിലും ബീഹാറിലും സിക്കിമിലും ഗവര്‍ണറായിരുന്ന ആര്‍ എസ് ഗവായ് യുടെ മകനാണ് ബി ആര്‍ ഗവായ്.

1985ല്‍ ഇരുപത്തഞ്ചാം വയസ്സില്‍ ബോംബൈ ഹൈക്കോടതിയില്‍ അഭിഭാഷകനായ ഗവായ് പിന്നീട് നാഗ്പൂര്‍ ബെഞ്ചില്‍ അസിസ്റ്റന്റ് ഗവണ്‍മെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായി. 16 വര്‍ഷക്കാലത്തോളം ബോംബെ ഹൈക്കോടതി ജഡ്ജിയായിരുന്ന ബി ആര്‍ ഗവായ് 2019-ലാണ് സുപ്രീം കോടതി ജഡ്ജിയായത്. ഭരണഘടനാ നിയമം, ഭരണ നിയമം എന്നിവയില്‍ ഗവായ് പ്രാവീണ്യം നേടിയിട്ടുണ്ട്. ഇരുനൂറോളം വിധിന്യായങ്ങള്‍ ജസ്റ്റിസ് ബി ആര്‍ ഗവായിയുടേതായിട്ടുണ്ട്.

ബുള്‍ഡോസര്‍ രാജിനെതിരായ വിധി, എ എ പി നേതാവ് മനീഷ് സിസോദിയയുടെ ജാമ്യം, 2016-ലെ നോട്ട് നിരോധന തീരുമാനം ശരിവച്ച വിധി, ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന വിധി എന്നിവ ജസ്റ്റിസ് ഗവായിയെ ശ്രദ്ധേയനാക്കി. ബുള്‍ഡോസര്‍ രാജ് ഭരണഘടനാ വിരുദ്ധമാണെന്നും ജഡ്ജിമാരെപ്പോലെ പെരുമാറാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ലെന്നും അങ്ങനെ പ്രവര്‍ത്തിച്ചാല്‍ കടുത്ത ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുമെന്നും ഗവായ് വിധിയിലെഴുതി. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേസിലെ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ അംഗവുമായിരുന്നു ഗവായ്. ആറു മാസക്കാലത്തിനുശേഷം ഈ വരുന്ന നവംബറില്‍ ബി ആര്‍ ഗവായ് വിരമിക്കും.

Post a Comment

أحدث أقدم

Join Whatsapp

Advertisement