കണ്ണൂർ ജില്ലാ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചതിൽ KGMOA പ്രതിഷേധിക്കുന്നു



തെരുവ് നായ കടിയേറ്റ് പേവിഷബാധ എന്നു സംശയിക്കപ്പെട്ടു 5 വയസ്സുള്ള ഒരു കുട്ടി മരിച്ച അത്യന്തം ദുഃഖകരമായ സംഭവത്തിൽ കെ.ജി.എം.ഒ.എ അനുശോചനം രേഖപ്പെടുത്തുന്നു.

എന്നാൽ ഈ സംഭവത്തിൽ ആശുപത്രിയിൽ വീഴ്ച ആരോപിച്ച് കണ്ണൂർ ജില്ലാ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ച സംഭവത്തിൽ സംഘടന ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നു.

2025 മെയ് 31-ന് മുഖത്തും കാലിലും തെരുവ് നായ കടിയേറ്റ് കുട്ടിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോൾ, ലോകത്താകമാനം അംഗീകരിച്ച മാർഗനിർദ്ദേശങ്ങൾക്കനുസരിച്ച് ആവശ്യമായ എല്ലാ ചികിത്സകളും സമയതാമസം കൂടാതെ നൽകപ്പെട്ടിരുന്നു. ഇതിൽ ആൻ്റി റബീസ് വാക്സിനും സീറവും ഉൾപ്പെടുന്നു.

മുഖത്ത് കടിയേറ്റതിന്റെ ഗുരുതരത്വം കണക്കിലെടുത്ത്, കുട്ടിയുടെ കൂട്ടിരിപ്പുകാരെ ഈ ആശങ്കകൾ വിശദീകരിച്ച് ബോധവത്ക്കരിച്ചശേഷം കുട്ടിയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയും ചെയ്തു.

മുഖത്ത് തെരുവ് നായ കടിയേറ്റാൽ രോഗാണുക്കൾ തത്സമയം മസ്തിഷ്കത്തിലേക്ക് എത്താൻ സാധ്യത കൂടുതലാണെന്നത് ലോകവ്യാപകമായി അംഗീകരിക്കപ്പെട്ട യാഥാർത്ഥ്യമാണ്. അതിനാൽ തന്നെ, ഇത്തരത്തിലുള്ള സംഭവങ്ങളിൽ പേവിഷബാധയിലേക്ക് നയിക്കുന്ന സാധ്യത വളരെ ഉയർന്നതാണ്.

ജില്ലാ ആശുപത്രിയിൽ ലഭ്യമായ എല്ലാ സൗകര്യങ്ങളും ഉപയോഗിച്ച് കുട്ടിക്ക് ഉചിതമായ എല്ലാ ചികിത്സ നൽകുകയും ചെയ്തിട്ടുണ്ട് .ഈ ദു:ഖകരമായ സംഭവത്തിൽ, ആശുപത്രിയെയോ അതിന്റെ സൂപ്രണ്ടിനെയോ കുറ്റപ്പെടുത്തുന്നത് ദുരൂഹ ഉദ്ദേശങ്ങളോടെയുള്ളതായും, രാഷ്ട്രീയ പ്രേരിതമെന്നുമാണ് കെ.ജി.എം.ഒ.എ കാണുന്നത്.

ഇത്തരം പ്രവർത്തികൾ ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം കെടുത്തുന്നതാണെന്നും,
നല്ല രീതിയിൽ പ്രവർത്തിക്കുന്ന ആശുപത്രിയെ തകർക്കാനുള്ള ശ്രമങ്ങളായി മാത്രം സംഘടന ഈ നിലപാടുകളെ കാണുന്നു, ശക്തമായി അപലപിക്കുന്നു.

Post a Comment

أحدث أقدم

Join Whatsapp

Advertisement