വിദ്യാഭ്യാസ മേഖലയില്‍ കൈവരിച്ച നേട്ടങ്ങളെ പിന്നോട്ടടിക്കാനുള്ള ശ്രമം വിലപ്പോവില്ല: മന്ത്രി വി.ശിവന്‍കുട്ടി




വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ പിന്നോട്ടടിക്കാനുള്ള ശ്രമം ചില ശക്തികള്‍ നടത്തുന്നുണ്ടെന്നും എന്നാല്‍ ഇതൊന്നും വിലപ്പോവില്ലെന്നും പൊതു വിദ്യാഭ്യാസ, തൊഴില്‍, നൈപുണ്യ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. തലശ്ശേരി മണ്ഡലത്തില്‍ ഹയര്‍ സെക്കന്ററി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്ന 'തലശ്ശേരിയിലെ താരങ്ങള്‍' പരിപാടി കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്‌കൂള്‍ സമയത്തില്‍ രാവിലെയും വൈകിട്ടും 15 മിനിറ്റ് അധികം എടുത്ത് പഠിച്ചാല്‍ ഒന്നും സംഭവിക്കില്ല. മതത്തിന്റെ കാര്യം പറഞ്ഞ് സര്‍ക്കാരിനെ വിരട്ടാം എന്ന് ആരും കരുതണ്ട. സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കുക തന്നെ ചെയ്യും. കാസര്‍ഗോഡ് ജില്ലയില്‍ മുന്‍ അധ്യാപകരെന്ന് പറഞ്ഞത് സ്‌കൂള്‍ വിദ്യാര്‍ഥികളെക്കൊണ്ട് കാല് കഴുകിച്ചു. ഇത്തരം പ്രവണത സര്‍ക്കാര്‍ അംഗീകരിക്കില്ല. വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തെറ്റായ പ്രവണത പ്രോത്സാഹിപ്പിച്ചാല്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കാന്‍ നല്‍കിയ അനുവാദം പിന്‍വലിക്കാനും സര്‍ക്കാരിന് അധികാരമുണ്ടെന്ന് മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയര്‍ത്തുന്നതിന് നിരവധി പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. മുന്‍പ് വിദ്യാര്‍ഥികളെ ഓള്‍ പ്രൊമോഷന്‍ ആക്കുന്ന രീതി ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സബ്‌ജെക്ട് മിനിമം ഏര്‍പ്പെടുത്തി. ഒരു കൂട്ടര്‍ അത് പാടില്ലെന്ന് പറയുന്നു. പറയുന്നവരുടെ മക്കള്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ പഠിച്ച് പോയവരാകും. പാവപ്പെട്ടവന്റെ മക്കള്‍ പഠിക്കുന്ന സ്ഥാപനം നന്നാകരുതെന്നാണ് ആഗ്രഹം. എന്നാല്‍ സര്‍ക്കാര്‍ ഈ വര്‍ഷം എല്ലാ ക്ലാസ്സുകളിലും നടപ്പാക്കി. കൂടാതെ കുട്ടികളില്‍ നല്ല വായന പ്രോത്സാഹിപ്പിക്കാനായി പത്രം, പുസ്തകങ്ങള്‍ എന്നിവ വായിച്ചു ഏറ്റവും നല്ല പ്രൊജക്റ്റ് തയ്യാറാക്കുന്ന വിദ്യാര്‍ഥിക്ക് 10 മാര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു. ഒന്ന് മുതല്‍ ഒന്‍പത് വരെ ക്ലാസുകളിലെ പാഠപുസ്തകം പരിഷ്‌കരിച്ച് 380000 വിദ്യാര്‍ഥികളുടെ കയ്യില്‍ എത്തിച്ചു. ഇടതു സര്‍ക്കാര്‍ അധികാരത്തിലെ ശേഷം 5000 കോടി രൂപയാണ് സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന് ചെലവാക്കിയത്. 45,000 ക്ലാസ് മുറികള്‍ സ്മാര്‍ട്ട് ക്ലാസ് മുറികളാക്കി. കേരളത്തിലെ സ്‌കൂളുകളില്‍ 192000 അധ്യാപകര്‍ക്ക് എഐ പ്രാരംഭക് ക്ലാസ് നല്‍കി. അടുത്തവര്‍ഷം ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ 47 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് എ ഐ പ്രാരംഭ ക്ലാസുകള്‍ നല്‍കും. വിദ്യാര്‍ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസം മാത്രമല്ല പഠിച്ചിറങ്ങുമ്പോള്‍ തൊഴില്‍ ലഭ്യമാക്കുക എന്നതും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലായി അഞ്ച് ലക്ഷം തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

സ്‌കൂള്‍ കോളേജ് സമയത്തില്‍ കാലാനുസൃതമായ മാറ്റം വന്നില്ലെങ്കില്‍ വിദ്യാഭ്യാസ മേഖല പിന്നോട്ട് പോകുമെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍. ഷംസീര്‍ പറഞ്ഞു. സമയം മാറ്റാനുള്ള തീരുമാനത്തില്‍ സര്‍ക്കാര്‍ ശക്തമായ തീരുമാനമെടുത്ത് മുന്നോട്ട് പോകണമെന്നും പൊതുസമൂഹം ഒപ്പമുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.

തലശ്ശേരി മണ്ഡലത്തിലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഉന്നത വിജയം നേടിയ സ്‌കൂളുകളെയും വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു. കാഴ്ച്ച പരിമിതയും എട്ടാം ക്ലാസ്സ് ഉപപാഠ പുസ്തകത്തില്‍ പഠന വിഷയമായ മലയാളിയുടെ ഹെലന്‍ കെല്ലര്‍ എന്നറിയപ്പെടുന്ന തലശേരി സ്വദേശി സിഷ്‌ന ആനന്ദ് വരച്ച മന്ത്രി വി. ശിവന്‍കുട്ടിയുടെ ചിത്രം വേദിയില്‍ കൈമാറി. ഫിഷറീസ് സ്‌പെഷ്യല്‍ സെക്രട്ടറി അബ്ദുല്‍ നാസര്‍, സബ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി, ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി മേധാവി ഡോ. ടോം ജോസഫ് എന്നിവര്‍ മുഖ്യാതിഥികളായി. തലശ്ശേരി നഗരസഭാധ്യക്ഷ കെ.എം. ജമുനാ റാണി ടീച്ചര്‍, തലശ്ശേരി സഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ ഷബാന ഷാനവാസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ. മണിലാല്‍, പി.പി. സനില്‍, എം.പി ശ്രീഷ, സി.കെ. രമ്യ, ആര്‍ ഡി ഡി. ബിയാട്രിസ് മറിയ, കണ്ണൂര്‍ ഡി.ഡി.ഇ ഡി.ഷൈനി എന്നിവര്‍ സംസാരിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement