കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി



കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. ന്യൂ ബ്ലോക്കിന്റെ പിറക് വശത്ത് ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈല്‍ ഫോണ്‍. പരിശോധന കര്‍ശനമാക്കിയതിന് പിന്നാലെയാണ് ജയിലിനുള്ളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടികൂടിയത്.

സംഭവത്തില്‍ ടൗണ്‍ പൊലീസ് കേസെടുത്തു. രണ്ടാഴ്ച്ചയ്ക്കിടെ ഏഴ് മൊബൈല്‍ ഫോണുകളാണ് സെന്‍ട്രല്‍ ജയിലില്‍ നിന്നും പിടികൂടിയത്.കഴിഞ്ഞ ദിവസം സെല്ലില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നത്. ജയിലിലേക്ക് മൊബൈല്‍ എത്തിച്ചു നല്‍കുന്ന സംഘത്തിലെ ഒരാളെ പിടികൂടിയിരുന്നു. സെന്‍ട്രല്‍ ജയിലിലേക്ക് മൊബൈല്‍ ഫോണും ലഹരി വസ്തുക്കളും എറിഞ്ഞു നല്‍കുന്നതിന് പുറത്ത് വന്‍ ശൃംഖല പ്രവര്‍ത്തിക്കുന്നതായി ഇയാള്‍ വെളിപ്പെടുത്തിയിരുന്നു.

ഗോവിന്ദച്ചാമി ജയില്‍ ചാടിയതിന് പിന്നാലെയാണ് ജയിലില്‍ പരിശോധന കര്‍ശനമാക്കിയത്. നേരത്തെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് സാധനങ്ങള്‍ എറിഞ്ഞുനല്‍കിയാല്‍ 1000 മുതല്‍ 2000 രൂപ വരെ കൂലി ലഭിക്കുമെന്ന് അറസ്റ്റിലായ പ്രതി വെളിപ്പെടുത്തിയിരുന്നു. ഫോണും ലഹരി മരുന്നുകളും, പുകയില ഉല്‍പ്പന്നങ്ങളും ജയിലില്‍ എത്തിക്കാന്‍ ഒരു സംഘം തന്നെ പുറത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

Post a Comment

Previous Post Next Post

Join Whatsapp

Advertisement