കേരളത്തിന്റെ ആവേശോജ്വലമായ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ അടിസ്ഥാനപ്പെടുത്തിയ വിജ്ഞാന യാത്ര ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് കണ്ണൂർ ജില്ലാതല മത്സരം ജനുവരി 28 ബുധനാഴ്ച രാവിലെ 10 മണി മുതൽ കണ്ണൂർ പള്ളിക്കുന്ന് കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളജിൽ നടക്കും. എട്ടാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കും സർവകലാശാല, കോളേജ് വിദ്യാർഥികൾക്കുമായുള്ള ജില്ലാതല മത്സരമാണ് നടക്കുക. രാവിലെ 10 മണി മുതൽ സ്‌കൂൾ തല മത്സരങ്ങളും ഉച്ചയ് 1.15 മുതൽ കോളജ് തല മത്സരങ്ങളും നടക്കും. സ്‌കൂൾ തല രജിസ്ട്രേഷൻ രാവിലെ ഒമ്പത് മണി മുതലും കോളജ് തല രജിസ്ട്രേഷൻ രാവിലെ 11.30 മുതലും തുടങ്ങും.
ഉച്ച 12.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ സ്‌കൂൾ തല വിജയികൾക്കും വൈകീട്ട് 4.30ന് ജില്ലാ കലക്ടർ അരുൺ കെ വിജയൻ കോളജ് തല വിജയികൾക്കും സമ്മാനം നൽകും.
ജില്ലയിലെ വിജയികൾ സംസ്ഥാന തലത്തിൽ മത്സരിക്കും. സംസ്ഥാനതല സ്‌കൂൾ തല മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും രണ്ടാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും മൂന്നാം സമ്മാനമായി രണ്ട് ലക്ഷം രൂപയും ലഭിക്കും. കോളേജ് തല മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും രണ്ടാം സമ്മാനമായി രണ്ട് ലക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും സമ്മാനമായി നൽകും. മെമന്റോ, പ്രശസ്തി പത്രം എന്നിവയും വിജയികൾക്ക് ലഭിക്കും.
പങ്കെടുക്കുന്ന എല്ലാവർക്കും ഓൺലൈൻ സർട്ടിഫിക്കറ്റ് നൽകും. ജില്ലാതല മത്സര വിജയികൾക്ക് മെമന്റോ, സർട്ടിഫിക്കറ്റ് എന്നിവ സമ്മാനമായി ലഭിക്കും. ശരിയുത്തരങ്ങൾക്ക് കാണികൾക്കും സമ്മാനം ലഭിക്കുന്ന ജനകീയ മത്സരമായാണ് ജില്ലാ തലം മുതൽ മത്സരം സംഘടിപ്പിക്കുന്നത്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നിവ ചേർന്നാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

Post a Comment