പേരാമ്പ്ര: ബൈപാസിൽനിന്ന് 72.6 ലക്ഷം രൂപയുടെ കുഴൽ പണം
പിടികൂടി. താമരശ്ശേരി വാവാട് മാളികത്തടത്തിൽ എം.പി. അലി ഇർഷാദ് (35), മലപ്പുറം മാനിപുരം വടക്കേ അപ്പമണ്ണിൽ വി.എ. സഫ്‍വാൻ (32) എന്നിവർ വാഹനത്തിൽ കടത്തുകയായിരുന്ന തുകയാണ് പിടിയിലായത്.
ബംഗളൂരുവിൽനിന്ന് കൊടുവള്ളിയിലേക്ക് കടത്തുകയായിരുന്ന തുക കോഴിക്കോട് റൂറൽ എസ്.പി ഫറാഷിന്റെ കീഴിലുള്ള സംഘമാണ് പിടികൂടിയത്. എസ്.പിക്ക് ലഭിച്ച രഹസ്യ വിവരപ്രകാരമാണ് റൂറൽ ഡാൻസാഫ് സംഘവും പേരാമ്പ്ര പൊലീസും ചേർന്ന് പരിശോധന നടത്തിയത്.
ഇവർ സ്ഥിരമായി കർണാടകയിൽനിന്ന് പണം കടത്തുന്ന സംഘമാണ്. പിടിക്കപ്പെടാതിരിക്കാൻ മുത്തങ്ങ, തോൽപ്പെട്ടി, കൂട്ടുപുഴ ചെക്ക്പോസ്റ്റുകൾ വഴി മാറിമാറിയാണ് കടത്തുന്നത്. ക്രെറ്റ കാറിന്റെ ഡോർ പാഡിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം, അഞ്ഞൂറ്, ഇരുനൂറ്, നൂറു രൂപയുടെ കെട്ടുകളായിരുന്നു.
താമരശ്ശേരി ഡിവൈ.എസ്.പി പി. അലവി, പേരാമ്പ്ര ഡിവൈ.എസ്.പി എം.പി. രാജേഷ് എന്നിവരുടെ നിർദേശപ്രകാരം സ്പെഷൽ സ്ക്വാഡ് എസ്.ഐമാരായ രാജീവ് ബാബു, മനോജ് രാമത്ത്, എ.എസ്.ഐമാരായ വി.സി. ബിനീഷ്, വി.വി. ഷാജി, എൻ.എം. ജയരാജൻ സീനിയർ സി.പി.ഒമാരായ പി.പി. ജിനീഷ്, ശോഭിത്, അഖിലേഷ്, സി.പി.ഒമാരായ ശ്യാംജിത്ത്, അതുൽ, മിഥുൻ, ലിധിൻ, അനുരാഗ്, പേരാമ്പ്ര എസ്.ഐമാരായ സനാദ്, എൻ. പ്രദീപ്, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പണം പിടികൂടിയത്.

إرسال تعليق