രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; കോടതി ജാമ്യം അനുവദിച്ചു, നടപടി മൂന്നാം ബലാത്സംഗ കേസിൽ



പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ആശ്വാസമായി ലൈംഗിക പീഡന കേസിൽ ജാമ്യം അനുവദിച്ച് കോടതി. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. മൂന്നാം ബലാത്സംഗ കേസിലാണ് രാഹുലിന് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നത്. ഇതോടെ രാഹുലിന് ജയിലിൽ നിന്ന് പുറത്തിറങ്ങാനുള്ള വഴി തെളിയുകയാണ്. രണ്ടാഴ്‌ചയോളമായി കേസിൽ റിമാൻഡിൽ കഴിയുകയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ.

പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് ഉണ്ടായത് എന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം. ജയിലിൽ കഴിയുന്ന രാഹുലിന് ഇന്ന് ജില്ലാ കോടതിയിലും തിരിച്ചടി നേരിട്ടാൽ പിന്നീട് ഹൈക്കോടതി മാത്രമായിരുന്നു ആശ്രയം. ജില്ലാ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയാൽ ഹൈക്കോടതിയെ സമീപിക്കാൻ തയ്യാറായി നിൽക്കുകയായിരുന്നു പ്രതിഭാഗം.

അതിന് പിന്നാലെയാണ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചത്. കർശന ജാമ്യ വ്യവസ്ഥകളോടെയാണ് രാഹുലിന് കോടതി ജാമ്യം അനുവദിച്ചത് എന്നാണ് വിവരം. അതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയ ആദ്യ ബലാത്സംഗ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കാൻ ഇരിക്കുകയാണ്, അതിനിടയിലാണ് മൂന്നാമത്തെ കേസിൽ ജാമ്യം ലഭിച്ചത്. രണ്ടാമത്തെ ബലാത്സംഗ പരാതി തികച്ചും രാഷ്ട്രീയ പ്രേരിതം ആണെന്നും അതിന്റെ നാല് വഴികൾ എണ്ണി പറഞ്ഞുകൊണ്ട് പ്രതിഭാഗം കോടതിയിൽ വാദിച്ചിരുന്നു. കൂടാതെ മൂന്നാമത്തെ പരാതിയിൽ സ്വീകരിച്ച നടപടികളുടെ സ്വഭാവവും രാഹുലിന്റെ അഭിഭാഷകർ ചൂണ്ടിക്കാട്ടി. ഈ വാദങ്ങൾ എല്ലാം കോടതി മുഖവിലയ്ക്ക് എടുത്തുവെന്ന് വേണം കരുതാൻ. മൂന്നാം ബലാത്സംഗ പരാതിയിൽ രാഹുലിനെതിരെ തിരക്കിട്ട നടപടികൾ എടുത്തതിൽ പ്രതിഭാഗം സംശയം പ്രകടിപ്പിച്ചിരുന്നു. പ്രത്യേകിച്ച് പരാതിക്കാരി വിദേശത്ത് ആയിരുന്നതിനാലും അവിടെ വച്ചാണ് പരാതി കൈമാറിയത് എന്നതിനാലും അറസ്‌റ്റിന് മുന്നോടിയായുള്ള നടപടി ക്രമങ്ങൾ ഒന്നും പാലിച്ചില്ലെന്നാണ് പ്രതിഭാഗത്തിന്റെ ആക്ഷേപം.

അതിനിടെ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. രാഹുലിനെതിരെ അതിജീവിതയുടെ സത്യവാങ്മൂലവും കോടതിയില്‍ സമര്‍പ്പിച്ചിച്ചിട്ടുണ്ട്. രാഹുല്‍ സ്ഥിരം കുറ്റവാളിയാണെന്നും മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നാണ് സത്യവാങ്മൂലത്തില്‍ അതിജീവിത ഉന്നയിക്കുന്ന പ്രധാന വാദങ്ങളിൽ ഒന്ന്. പ്രത്യേക അന്വേഷണ സംഘം രജിസ്‌റ്റർ ചെയ്‌ത ആദ്യ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇവിടെയും മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയാൽ രാഹുലിന് അത് തിരിച്ചടിയാവും.

Post a Comment

أحدث أقدم

Join Whatsapp

Advertisement