എടക്കാട് : നിർമാണം പൂരോഗമിക്കുന്ന ദേശീയപാത 66-ലെ മുഴപ്പിലങ്ങാട് മുതൽ എടക്കാട് വരെ വിളക്കുകാലുകൾ സ്ഥാപിച്ചു. മഠം മുതൽ ഒകെയുപി സ്കൂൾ വരെ ഇരുവശങ്ങളിലുമായി 148 വിളക്കുകാലുകളാണ് സ്ഥാപിച്ചത്. ദേശീയ പാതയിലും സർവീസ് റോഡിലും വെളിച്ചം ലഭിക്കുന്നതിനായി ഓരോ തൂണിലും ഇരുദിശകളിലായിട്ടാണ് ബൾബുകൾ സ്ഥാപിച്ചിട്ടുള്ളത്. മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസിലും വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. കുളംബസാർ മുതൽ റെയിൽവേ സ്റ്റേഷന് സമീപം വരെയും എടക്കാട് ഇണ്ടേരിക്ഷേത്രത്തിന് സമീപം വരെയും വിളക്കുകാലുകൾ ഇല്ല. മാഹി ബൈപ്പാസിലെ മുഴപ്പിലങ്ങാട് മുതൽ ബാലത്തിൽ പാലം വരെയുള്ള തെരുവുവിളക്കുകളുടെ പൂർത്തീകരണ സർട്ടിഫിക്കറ്റ് കരാറുകാർ സമർപ്പിച്ചിട്ടുണ്ടെന്ന് കെഎസ്ഇബി ധർമടം സബ് എൻജിനീയർ അറിയിച്ചു. ബാലത്തിൽ പാലം വരെ ധർമടം സെക്‌ഷന് കീഴിലും പാലത്തിനപ്പുറം തലശ്ശേരി സെക്‌ഷന് കീഴിലുമാണ്. കെഎസ്ഇബി അധികൃതർ പരിശോധന നടത്തി വൈദ്യുതി കണക്‌ഷൻ നൽകും. 25 മീറ്റർ അകലത്തിൽ ഇരുവശത്തും വിളക്കുകൾ ഉണ്ട്. വിളക്കുകൾ പ്രകാശിക്കുന്നതോടെ ദേശീയപാതയിലും സർവീസ് റോഡിലും തൂവെള്ളവെളിച്ചം പരക്കും. ദേശീയപാതയുടെ മുഴപ്പിലങ്ങാട്-തളിപ്പറമ്പ് റീച്ചിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. 29.948 കി.മീ. നീളത്തിലാണ് പാത പണിയുന്നത്. ഭാരത് മാല പദ്ധതിപ്രകാരം 2038 കോടി രൂപ ചെലഴിച്ചാണ് നിർമാണം. വിശ്വസമുദ്ര കമ്പനിക്കാണ് നിർമാണക്കരാർ.

إرسال تعليق