തളിപ്പറമ്പ്: കുപ്പത്ത് കപ്പണത്തട്ടിൽ ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് അടിയന്തരമായി സംരക്ഷണഭിത്തി കെട്ടി പൂർത്തിയാക്കണമെന്നും കൂടുതൽ അപകടം ഉണ്ടാകാതിരിക്കാൻ ജാഗ്രത കാണിക്കണമെന്നും എം വി ഗോവിന്ദൻ എംഎൽഎ ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാവിലെ അപകടസ്ഥലം സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ണിടിച്ചിലുണ്ടായപ്പോൾ തൊഴിലാളികൾ അവിടെ ഇല്ലാതിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്. ശക്തിയേറിയ പാറകൾവരെ ഇടിഞ്ഞിട്ടുണ്ട് എന്നതിനാൽ വലിയ ആശങ്ക ഉണ്ടാകും. അത് പരിഹരിക്കാൻ ദേശീയപാത അതോറിറ്റിയും കരാർ കന്പനിക്കാരും ജില്ലാ ഭരണാധികാരികളും മുൻകൈയെടുക്കണം. അതിന്റെ ശാസ്ത്രീയമായ പരിശോധന നടത്തേണ്ടതുണ്ട്. അപകടത്തെക്കുറിച്ച് നേരിൽ മനസ്സിലാക്കിയശേഷം കലക്ടർ അരുൺ കെ വിജയനോട് ഇക്കാര്യം സംസാരിച്ചിരുന്നു. എത്രയുംപെട്ടെന്ന് അവശേഷിക്കുന്ന ഭാഗംകൂടി കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തുകയും സംരക്ഷണഭിത്തി പൂർത്തിയാക്കുകയുംചെയ്യാൻ ദേശീയപാത അതോറിറ്റിയോട് നിർദേശിക്കണമെന്ന് കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇടിഞ്ഞ ഭാഗത്തുകൂടിയാണ് ദേശീയപാതയുടെ സർവീസ് റോഡ് കടന്നുപോകേണ്ടത് എന്നതും ഗൗരവമായി കാണണം. ജനങ്ങളുടെയും യാത്രക്കാരുടെയും ആശങ്കകൾ പൂർണമായും പരിഹരിക്കുന്ന തരത്തിലായിരിക്കണം നടപടി എടുക്കേണ്ടത്. അക്കാര്യവും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായി സംസാരിച്ച് നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് കലക്ടർ അറിയിച്ചത്. അപകടം ആവർത്തിക്കാത്ത തരത്തിൽ ജാഗ്രതയോടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ഉടൻ പണി പൂർത്തിയാക്കാൻ നിർദേശിച്ചതായും എം വി ഗോവിന്ദൻ എംഎൽഎ പറഞ്ഞു. തളിപ്പറന്പ് നഗരസഭാ കൗൺസിലർ ടി ബാലകൃഷ്‌ണൻ, പരിയാരം പഞ്ചായത്ത് പ്രസിഡന്റ് സി ബാലകൃഷ്‌ണൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Post a Comment