വടകര റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടർ സമയം വെട്ടിക്കുറച്ചു



വടകര : വടകര റെയിൽവേ സ്റ്റേഷനിൽ അമൃത് ഭാരത് പദ്ധതിപ്രകാരം കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയെങ്കിലും റിസർവേഷൻ കൗണ്ടർ സൗകര്യം വെട്ടിക്കുറച്ചു. നേരത്തേ രണ്ട് കൗണ്ടറുകൾ സാധാരണ ടിക്കറ്റുകൾക്കും റിസർവേഷൻ ടിക്കറ്റിനുമായി പ്രവർത്തിച്ചിരുന്നെങ്കിലും ഇപ്പോൾ ഒരു കൗണ്ടറിന്റെ പ്രവർത്തനം വൈകീട്ട് നാലുമണിവരെയാക്കി. ഇതോടെ നാലുമണിക്കുശേഷം റിസർവേഷനും സാധാരണ ടിക്കറ്റിനും ഒരു കൗണ്ടർമാത്രമേയുള്ളൂ.

ഓട്ടമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീൻ നാലെണ്ണമുണ്ടെങ്കിലും റിസർവേഷനും വെൻഡിങ് യന്ത്രത്തിൽ കിട്ടാത്ത ടിക്കറ്റിനും മറ്റും റെയിൽവേ കൗണ്ടർതന്നെ വേണമെന്നതിനാൽ നാലുമണിക്കുശേഷം മിക്ക സമയത്തും ഈ കൗണ്ടറിൽ നല്ല തിരക്കാണ്. യാത്രക്കാർക്ക് ഏറെനേരം കാത്തുനിൽക്കേണ്ട സ്ഥിതി. ടിക്കറ്റ് വെൻഡിങ് യന്ത്രം ആവശ്യത്തിന് ഉണ്ടെന്നതിന്റെ പേരിലാണ് കൗണ്ടറിന്റെ സമയം റെയിൽവേ കുറച്ചതെന്നാണ് സൂചന. ജീവനക്കാരുടെ കുറവും പ്രശ്നമാണ്.

അമൃത് ഭാരത് സ്റ്റേഷനാകുംമുൻപ്‌ വടകരയിൽ റിസർവേഷന് പ്രത്യേക കൗണ്ടറുണ്ടായിരുന്നു. സാധാരണ ടിക്കറ്റിന് വേറെ രണ്ട് കൗണ്ടറും. നവീകരണം പൂർത്തിയായ ശേഷം റിസർവേഷൻ ടിക്കറ്റും സാധാരണ ടിക്കറ്റുമെല്ലാം ഒരേ കൗണ്ടറിൽനിന്നുതന്നെ നൽകാൻ തുടങ്ങി. അതും രണ്ട് കൗണ്ടർമാത്രം. ഒരു കൗണ്ടർ 24 മണിക്കൂറും ഒന്ന് രാത്രി എട്ടുമണിവരെയും പ്രവർത്തിച്ചു. ഇത് യാത്രക്കാർക്ക് സൗകര്യവുമായിരുന്നു. ഒരു കൗണ്ടറിൽനിന്ന് സാധാരണ ടിക്കറ്റും ഒന്നിൽനിന്ന് റിസർവേഷൻ ടിക്കറ്റുമെടുക്കാം. ഇതിലൊന്നിന്റെ പ്രവർത്തനമാണ് രാവിലെ എട്ടുമുതൽ വൈകീട്ട് നാലുവരെയാക്കി കുറച്ചത്.

നാലുമണി കഴിഞ്ഞാൽ ടിക്കറ്റ് റിസർവേഷനായി ക്യൂ നിൽക്കുന്ന യാത്രക്കാർക്കൊപ്പം വേണം സാധാരണ ടിക്കറ്റെടുക്കുന്നവരും നിൽക്കേണ്ടത്. സ്ഥിരംയാത്രക്കാർ ഭൂരിഭാഗവും വൈകീട്ട് ജോലിയോ പഠനമോ കഴിഞ്ഞ് തിരിച്ചുവരുന്ന വേളയിലാണ് സീസൺ ടിക്കറ്റ് പുതുക്കുക. പലരും റെയിൽവേ കൗണ്ടറിലാണ് ഇത് ചെയ്യുക. പകൽസമയത്താണ് നാല് ടിക്കറ്റ് വെൻഡിങ് യന്ത്രം വടകര സ്റ്റേഷനിലുള്ളത്. 24 മണിക്കൂറുമുള്ളത് ഒന്നുമാത്രം.

രാത്രി എട്ടിനുശേഷം ഇത് മതിയെങ്കിലും വൈകീട്ട് നാലുമുതൽ എട്ടുവരെ നല്ല തിരക്കുള്ള സമയമാണ് സ്റ്റേഷനിൽ. പ്രത്യേകിച്ച് റിസർവേഷനും മറ്റും. ഈ സമയം വെട്ടിക്കുറച്ചത് യാത്രക്കാരെ ദ്രോഹിക്കുന്നതിനു തുല്യമാണെന്ന് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് കേരള ജില്ലാ പ്രസിഡന്റ് സന്തോഷ് തുറയൂർ പറഞ്ഞു. സന്തോഷ് റെയിൽവേയ്ക്ക് പരാതി നൽകിയിട്ടുണ്ട്.



Post a Comment

Previous Post Next Post

Join Whatsapp

Advertisement