മയ്യഴി : തലശ്ശേരി-മാഹി ബൈപ്പാസിൽ ചെങ്കല്ല് കയറ്റി പോകുകയായിരുന്ന മിനി ലോറിക്ക് തീപിടിച്ചു. വ്യാഴാഴ്ച രാവിലെ 6.45-ഓടെയാണ് സംഭവം. തലശ്ശേരി ഭാഗത്തുനിന്ന് വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി അഴിയൂരിലെത്തിയപ്പോഴാണ് എൻജിൻ കാബിനിൽനിന്ന് പുക ഉയരുന്നത് ഡൈവറുടെ ശ്രദ്ധയിൽപ്പെട്ടത്.
ഡ്രൈവർ സംഭവസ്ഥലത്തുതന്നെ ലോറി നിർത്തി പുറത്തിറങ്ങിയതിനാൽ അപകടത്തിൽപ്പെട്ടില്ല. സ്റ്റേഷൻ ഓഫീസർ രതീഷ്‌കുമാറിന്റെ നേതൃത്വത്തിലെത്തിയ മാഹി അഗ്നിരക്ഷാസേന തീ ആളിപ്പടരുന്നത് നിയന്ത്രണ വിധേയമാക്കി. വടകരയിൽനിന്നുള്ള രണ്ട് അഗ്നിരക്ഷാസേനകളും എത്തിയിരുന്നു.
ലോറിയുടെ എൻജിൻ കാബിൻ പൂർണമായും കത്തിയനിലയിലായി. തീ പിടിച്ച ലോറിയിലെ ചെങ്കല്ലുകൾ മറ്റൊരു ലോറിയിലേക്ക് മാറ്റി ഗതാഗത തടസ്സം ഒഴിവാക്കി.

Post a Comment