വളപട്ടണത്ത് പ്ളൈവുഡ് ഫാക്ടറിയിൽ വൻ തീപ്പിടിത്തം



വളപട്ടണം : കീരിയാട്ടെ പ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപ്പിടിത്തം. വ്യാഴാഴ്ച പുലർച്ചെ നാലോടെയാണ് തീ പടർന്നത്. പ്ലൈവുഡ് ഉണ്ടാക്കേണ്ട അസംസ്കൃതവസ്തുക്കൾ കത്തിനശിച്ചു. ഒരുകോടിയിലേറെ രൂപയുടെ നഷ്ടമുണ്ട്. തീപ്പിടിത്തതിന്റെ കാരണം വ്യക്തമായിട്ടില്ല.
പുതിയ ദേശീയപാത 66-ൽ വളപട്ടണം പാലം വരുന്ന ഭാഗത്തുള്ള കീരിയാട്ടെ സെഞ്ച്വറി പ്ലൈവുഡിൽ വിനീർ, പശബാരൽ, 100 ചാക്ക് മൈദ തുടങ്ങിയ അസംസ്കൃത വസ്തുക്കളാണ്‌ അഗ്നിക്കിരയായത്.

കഴിഞ്ഞാഴ്ചയാണ് ഇവ കൊണ്ടുവന്നതെന്ന് ഉടമ കെ.എസ്.അബ്ദുൾ സത്താർ പറഞ്ഞു. അതേസമയമുണ്ടാക്കി കയറ്റി അയക്കാൻ വെച്ച പ്ലൈവുഡ് പലകകൾ അട്ടിയിട്ട ഭാഗത്തേക്ക് തീ പടർന്നില്ല. അതിന്‌ തീപിടിച്ചെങ്കിൽ നഷ്ടം ഇതിലുമധികമാകുമായിരുന്നുവെന്ന് അബ്ദുൾ സത്താർ പറഞ്ഞു.

ബുധനാഴ്ച രാത്രി എട്ടോടെ പണി നിർത്തി തൊഴിലാളികൾ പോയിരുന്നു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണോ സമീപ ബോയിലറിൽനിന്ന് തീ പടർന്നതാണോ എന്ന് അന്വേഷിക്കുന്നുണ്ട്. വൈദ്യുതി എൻജിനീയർമാരും അവരുടെ തൊഴിലാളികളും എത്തിയിട്ടുണ്ട്. ബോയിലർ ഭാഗത്ത് കുറേ വെയിസ്റ്റ് കൂട്ടിയിട്ടിട്ടുണ്ട്. അതിൽനിന്ന് തീ പടർന്നതാണോ എന്നും സംശയമുണ്ട്.

ക്വാർട്ടേഴ്‌സ് കത്തിയമർന്നു
ഇവിടെ 300-ഓളം മറുനാട്ടുകാർ ജോലിചെയ്യുന്നുണ്ട്. അവരിൽ 50 പേർ താമസിക്കുന്ന തൊട്ടടുത്ത ക്വാർട്ടേർസ് പൂർണമായും കത്തിനശിച്ചു. കമ്പനി വക താമസസ്ഥലത്ത് ആ സമയത്ത്‌ ആരുമുണ്ടായിരുന്നില്ല. സമീപത്തുള്ള സെക്യുരിറ്റി ജീവനക്കാർ തീ പടരുന്നത് കണ്ട് ഓടിയപ്പോഴാണ്‌ നാടറിഞ്ഞത്. 90 ശതമാനവും മറുനാട്ടുകാർ ജോലി ചെയ്യുന്ന കമ്പനിയാണ്. സ്ഥാപിച്ചിട്ട് 20 വർഷങ്ങളായി. 15 ഓളം മലയാളി ജീവനക്കാരുണ്ട്. ഇതിന് മുമ്പ് ചെറിയ തീ പിടിത്തമുണ്ടായിട്ടുണ്ടെങ്കിലും ഇത്ര വലിയ നഷ്ടമുണ്ടായ തീപിടിത്തം ആദ്യമായാണെന്ന്‌ അബ്ദുൾ സത്താറിന്റെ മകൻ ഷഹീസ് പറഞ്ഞു.

അഗ്നിരക്ഷാസേനയുടെ പ്രവർത്തനം തുണയായി
കണ്ണൂരിൽനിന്ന് റീജണൽ ഫയർ ഓഫീസർ പി.രഞ്ജിത്ത്, അസി. ഫയർ ഓഫീസർമാരായ പി.രാജീവൻ, കെ.പവിത്രൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ 30-ഓളം ജീവനക്കാരുടെ മണിക്കുറുകൾ നീണ്ട പ്രവർത്തനം തുണയായി. കണ്ണൂരിന് പുറമെ, തലശ്ശേരി, തളിപ്പറമ്പ് എന്നിവിടങ്ങളിൽ നിന്നടക്കം ഏഴ് യൂണിറ്റ് എൻജിനുകൾ രാവിലെ 4.30 മുതൽ 12 മണിക്കൂർ പ്രവർത്തിച്ചു. വൈകിട്ട്‌ 4.30-ആയിട്ടും തീ പുകഞ്ഞുകൊണ്ടേയിരുന്നു. കമ്പനിയുടെ മേൽപ്പുരയുടെ ഷീറ്റുകളടക്കം തകർന്നിട്ടുണ്ട്. എല്ലാം രണ്ട് ജെസിബി ഉപയോഗിച്ച് നീക്കി ക്കൊണ്ടിരിക്കുന്നു. തൊട്ടടുത്തും വേറെയും ചെറു െപ്ലെവുഡ് ഫാക്ടറികളുണ്ട്. അവിടെക്കൊന്നും തീ പടരാത്തത് രക്ഷയായെന്ന് അവയുടെ ഉടമകളും പറഞ്ഞു.

ഏറ്റവുമധികം മരക്കമ്പനികളും മറുനാട്ടുകാരും ജോലിചെയ്യുന്ന പ്രദേശമാണ് കീരിയാട്. കൂടുതൽ സ്ഥലങ്ങളിലേക്ക് തീ പടർന്നെങ്കിൽ തങ്ങളുടെ ഉപജീവനം മുട്ടിപ്പോകുമെന്ന് അസം തൊഴിലാളി പറഞ്ഞു. 1500-ഓളം മറുനാട്ടുകാർ ഈ ഭാഗങ്ങളിൽ കുടുംബത്തോടൊപ്പം താമസിക്കുന്നുണ്ട്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement