പയ്യന്നൂർ : ചരിത്രപ്രാധാന്യമുള്ള പയ്യന്നൂർ പോലീസ് മൈതാനം നവീകരിച്ച് സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക സ്മാരകമായി മാറ്റുന്നതിന്റെ ഭാഗമായി വിഭാവനം ചെയ്ത പദ്ധതി എങ്ങുമെത്തിയില്ല. മൈതാന നവീകരണത്തിനായി സർക്കാർ അനുവദിച്ച ഒരുകോടി രൂപ പാഴാകുന്ന സ്ഥിതിയാണ്.
1928-ൽ പയ്യന്നൂർ കോൺഗ്രസ് സമ്മേളനത്തിൽ ജവാഹർലാൽ നെഹ്റു വന്ന് സംസാരിച്ചത് ഇവിടെയായിരുന്നു. ഈ ചരിത്രഭൂമി സംരക്ഷിക്കാൻ 2023-24 വർഷത്തെ സംസ്ഥാന ബജറ്റിലാണ് ഒരുകോടി രൂപ നീക്കിവെച്ചത്.
വിവിധ കേസുകളിൽ പിടിക്കുന്ന വാഹനങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലമായാണ് ഈ മൈതാനം വർഷങ്ങളായി ഉപയോഗിച്ചുവന്നിരുന്നത്. ഇത്തരം വാഹനങ്ങൾ സൂക്ഷിക്കാൻ ഇപ്പോൾ കോറോം വില്ലേജിൽ ഒരേക്കർ റവന്യൂഭൂമി സർക്കാർ അനുവദിക്കുകയും പോലീസ് വാഹനങ്ങൾ അങ്ങോട്ടേക്ക് മാറ്റുകയും ചെയ്തിരുന്നു.
മൈതാനം വിട്ടുകൊടുക്കാൻ സമ്മതമില്ലാതെ പോലീസ്
പോലീസ് വകുപ്പ് സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറാകാത്തതാണ് പദ്ധതി നീണ്ടുപോകാൻ കാരണം.
സ്വാതന്ത്ര്യസമരചരിത്രം ഓർമ്മിപ്പിക്കുന്ന സ്മാരകം, ഓപ്പൺ സ്റ്റേജ്, വാക്ക് വേ തുടങ്ങിയവയാണ് ഒന്നാംഘട്ടത്തിൽ ഒരുക്കാൻ ഉദ്ദേശിച്ചിരുന്നത്.
കൊരുപ്പുകട്ട പാകി തണൽമരങ്ങൾ ഒരുക്കി സൗന്ദര്യവത്കരിക്കുകയായിരുന്നു ലക്ഷ്യം. മുഖ്യമന്ത്രിയുടെ നവകേരളസദസ്സിനായി ഇവിടെയാണ് വേദിയൊരുക്കിയത്. മുൻപ് ഒട്ടേറെ പൊതുപരിപാടികളും ഔദ്യോഗിക പരിപാടികളും നടന്ന സ്ഥലമാണിത്.
ഇപ്പോൾ ടൗണിലെ കണ്ണായ ഈ സ്ഥലം സംരക്ഷണമില്ലാതെ നശിക്കുകയാണ്. ഭാവിയിൽ പോലീസ് വകുപ്പിനുതന്നെ ഈ സ്ഥലം ആവശ്യമായി വരുമെന്ന കാര്യം ഉയർത്തിയാണ് വകുപ്പ് മൈതാനത്തിന്റെ കാര്യത്തിൽ സമ്മതം കൊടുക്കാത്തത്.
നവീകരണം നടത്തിയാൽ സ്ഥലം കൈയിൽനിന്ന് പോകുമോയെന്ന ചിന്തയും പോലീസിനുണ്ട്.

Post a Comment